ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നീല പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചത് യൂറോപ്യന്‍ കമ്പനിക്ക്. ഫ്രഞ്ച്, ഡച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ജെമാറ്റോ എന്ന കമ്പനിക്കാണ് ഈ കരാര്‍ ലഭിച്ചത്. ബിഡുകള്‍ സമര്‍പ്പിച്ചത് ആരാണെന്ന വിവരം മറച്ചുവെച്ചുകൊണ്ട് നടത്തിയ ടെന്‍ഡറിലാണ് ഈ കമ്പനിക്ക് നറുക്ക് വീണത്. അറിയാതെയാണെങ്കിലും യൂറോപ്യന്‍ കമ്പനിക്ക് അനുമതി ലഭിച്ചതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.
പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്‍ രേഖകളുടെ രാഷ്ട്രീയ പ്രാധാന്യം വിലയിരുത്തുന്ന യൂറോപ്യന്‍ സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ തലവനായ സര്‍ ബില്‍ ക്യാഷ് ഈ നടപടിയെ പൊരുത്തക്കേട് എന്നാണ് വിശേഷിപ്പിച്ചത്. തീര്‍ത്തും അനാവശ്യമാണ് ഇതെന്നും പൂര്‍ണ്ണമായും തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം എടുക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ടിനിടെ സംഭവിച്ചിരിക്കുന്ന സുപ്രധാന കാര്യമാണ്. അതിന്റെ സൂചകമായ പുതിയ പാസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ യൂറോപ്യന്‍ കമ്പനിക്ക് അനുവാദം നല്‍കിയതിനെ ന്യായീകരിക്കാന്‍ ഒരു കാരണവും കാണാനാകില്ലെന്നും ക്യാഷ് പറഞ്ഞു.
തലതിരിഞ്ഞതും അപമാനകരവുമായ തീരുമാനമെന്നായിരുന്നു മുന്‍ മന്ത്രി പ്രീതി പട്ടേല്‍ വിമര്‍ശിച്ചത്. നീല പാസ്‌പോര്‍ട്ട് തിരിച്ചു വരുന്നത് ബ്രിട്ടീഷ് ഐഡന്റിറ്റി തിരികെ കൊണ്ടുവരുന്നതിന് തുല്യമാണ്. എന്നാല്‍ അതിന്റെ നിര്‍മാണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കുന്നത് അതിശയത്തോടെ മാത്രമേ കാണാനാകൂ. ഇത് രാജ്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അവര്‍ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കാന്‍ ആംബര്‍ റൂഡിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് പാസ്‌പോര്‍ട്ട് നിര്‍മിക്കാനുള്ള ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നവരില്‍ ഒരു ബ്രിട്ടീഷ് കമ്പനിയും ഒരു ജര്‍മന്‍ കമ്പനിയും ഒരു ഫ്രാങ്കോ ഡച്ച് കമ്പനിയുമുണ്ടായിരുന്നതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
[…] March 22 07:39 2018 by News Desk 5 Print This Article […]