ന്യൂസ് ഡെസ്ക് മലയാളം യുകെ
വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്ത് പോലീസ്. പാക്കിസ്ഥാനിലുള്ള ഉർഫാൻ ഷെരീഫിൻെറ സഹോദരൻ ഇമ്രാൻ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്‌തത്. തടങ്കലിലാക്കിയതിന് പിന്നാലെ കേസിൽ പുതിയ വഴിത്തിരിവ്. സാറ കോണിപ്പടിയിൽ നിന്ന് വീണ് കഴുത്ത് ഒടിഞ്ഞു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ആഗസ്റ്റ് 10 വ്യാഴാഴ്ച സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്(41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു.
ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്റെ പങ്കാളിക്കും സഹോദരനും അഞ്ച് കുട്ടികൾക്കുമൊപ്പം ഇസ്ലാമാബാദിൽ ഇറങ്ങിയ ഉടൻ ഉർഫാൻ ഷെരീഫ് യുകെയിലെ എമർജൻസി സർവീസുകളെ വിളിക്കുകയായിരുന്നു. അഞ്ച് കുട്ടികളും ഒന്നിനും 13നും ഇടയിൽ പ്രായമുള്ളവരാണ്.
സാറായുടെ പിതൃ സഹോദരനായ ഇമ്രാൻ ഷെരീഫിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. സാറയുടെ പിതാവിനെ കണ്ടെത്താൻ ഇയാൾ പോലീസ് സേനയെ സഹായിക്കുകയാണ്. ബീനാഷ് കുട്ടികളുമായി വീട്ടിൽ ഉള്ളപ്പോൾ കോണിപ്പടിയിൽ നിന്ന് വീണ് സാറയുടെ കഴുത്ത് ഒടിഞ്ഞെന്നും ഇമ്രാൻ പറഞ്ഞു. എന്നാൽ കുട്ടിയുടെ ശരീരം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ശരീരത്തിലെ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് കണ്ടെത്തി. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു
Leave a Reply