വെയിൽസ് : ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ ട്രാൻസ് ജൻഡർ എംപിയാണ് ജാമി വാലിസ്. കോമൺസിൽ വച്ചാണ് താൻ ട്രാൻസ് വ്യക്തിയാണെന്ന് വാലിസ് പ്രസ്താവിച്ചത്. ഒരു ട്രാൻസ് വ്യക്തി എന്ന നിലയിൽ താൻ ബലാത്സംഗത്തിനും ബ്ലാക്ക് മെയിലിംഗിനും ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 2019 മുതൽ ബ്രിഡ് ജൻഡ് എംപിയാണ് വാലിസ്. യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തിയതിന് ശേഷം തനിക്ക് അവിശ്വസനീയമായ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷം വരെ, തന്റെ വ്യക്തിത്വം മറച്ചുവെച്ചാണ് വാലിസ് കഴിഞ്ഞത്. എന്നാൽ ഇതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്ന് സ്വയം മനസ്സിലാക്കിയതോടെ വെളിപ്പെടുത്തൽ നടത്തി.

ജെൻഡർ ഐഡന്റിറ്റി പ്രതിസന്ധി നേരിടുന്നവരോട്, സ്വയം കണ്ടെത്താൻ ശ്രമിക്കണമെന്നും അതിനുവേണ്ടി തിരക്ക് കൂട്ടരുതെന്നും എംപി നിർദേശിച്ചു. 2020-ൽ ഒരു വ്യക്തി തന്റെ കുടുംബത്തിലേക്ക് ചിത്രങ്ങൾ അയച്ച് 50,000 പൗണ്ട് ആവശ്യപ്പെട്ടതായി വാലിസ് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തിയ ആൾക്ക് പിന്നീട് തടവ് ശിക്ഷ ലഭിച്ചു. ബലാത്സംഗത്തിനിരയായെങ്കിലും അതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തെക്കുറിച്ചുള്ള പേടിസ്വപ്നങ്ങൾ ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് വാലിസ് പറഞ്ഞു.

കോമൺസിലെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ലേബർ നേതാവ് കെയർ സ്റ്റാർമറും വാലിസിനെ അഭിനന്ദിച്ചു. ഞങ്ങൾ എല്ലാവരും താങ്കളോടൊപ്പം നിൽക്കുന്നുവെന്നും സ്വതന്ത്രമായി ജീവിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്റെ സഹപ്രവർത്തകനായ ജാമി വാലിസിന്റെ വെളിപ്പെടുത്തലിൽ അഭിമാനിക്കുന്നു. ധീരമായ പ്രസ്താവന മറ്റുള്ളവർക്ക് പ്രചോദനമാകും.” ടോറി പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ അഭിപ്രായപ്പെട്ടിരുന്നു.