പത്തനംതിട്ട: സഹോദരന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ റാന്നി കീക്കൊഴൂര്‍ സ്വദേശി തോമസ് ചാക്കോയ്ക്ക് വധശിക്ഷ. സഹോദരനായ ഷൈബുവിന്റെയും ബിന്ദുവിന്റെ മക്കളായ മെബിന്‍(ഏഴ്), മെല്‍ബിന്‍(മൂന്ന്) എന്നിവരെയാണ് തോമസ് ചാക്കോ വീട്ടില്‍ കയറി അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അതിക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ഹരികുമാറാണ് വിധി പ്രസ്താവിച്ചത്.
2013 ഒക്ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ 7.30 ഓടെ തന്റെ കുടുംബ വീട്ടിലെത്തിയ പ്രതി വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെബിനെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനായി ഓടിയെത്തിയ ബിന്ദുവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞു. കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷം ബിന്ദുവിനെ അക്രമിക്കുകയും ചെയ്തു. പിന്നീട് അകത്ത് കയറിച്ചെന്ന് കസേരയില്‍ വിശ്രമിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ മെബിനെയും കൊലപ്പെടുത്തി.
കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2017-ലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. അമ്മയുടെ കണ്‍മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വാദി ഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.മനോജാണ് ഹാജരായത്.
Leave a Reply