സുഹൃത്തുക്കളായ 4 യുവാക്കളുടെ മരണം താങ്ങാനാവാതെ കേഴുകയാണ് ഇരവിപേരൂർ ഗ്രാമം. ഇന്നലെ രാത്രി ഏട്ടരയോടെയാണു ഇരവിപേരൂർ സ്വദേശികളായ 5 പേർ സഞ്ചരിച്ചിരുന്ന കാർ ടികെ റോഡിൽ കല്ലുമാലിൽപടിയിൽ വച്ച് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലേക്ക് കയറി. വലിയ ശബ്ദം കേട്ട് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും യുവാക്കളെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ജോബി, ബെൻ, അനൂപ് എന്നിവർ മരിച്ചിരുന്നു. അനിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ കോയിപ്രം പൊലീസ് എത്തി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കലക്ടർ പി.ബി.നൂഹ്, പൊലീസ് മേധാവി ജി.ജയ്ദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ സ്ഥലത്ത് എത്തി. ടികെ റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. രാത്രി 12 മണിക്കും അപകടവിവരം അറിഞ്ഞ് ആശുപത്രിയിൽ ആളുകൾ എത്തി. അപകടത്തിൽ മരിച്ച ബെന്നിന്റെ വിവാഹം ഒക്ടോബർ 31ന് നടക്കാനിരുന്നതായിരുന്നു. പരുക്കേറ്റ് ആശുപത്രിയിലുള്ള അനീഷ്കുമാറും മരിച്ച അനൂപും അടുത്ത ബന്ധുക്കളാണ്.
Leave a Reply