ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന യുവാവ് വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ പല്ലാട്ടുതറയില്‍ അലക്സാണ്ടര്‍ റോബര്‍ട്ട് – ലിനി ദമ്ബതികളുടെ മകന്‍ അശ്വിന്‍ ചാണ്ടിയാണ് (24) മരിച്ചത്. ഒന്നര വര്‍ഷം മുമ്പ് ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ലഭിച്ചുപോയ അശ്വിന്‍ ആദ്യമായാണ് അവധിക്ക് നാട്ടിലെത്തുന്നത്.ഇന്നലെ രാത്രി ദുബായില്‍ നിന്ന് വിമാനം കയറിയ അശ്വിനെ സ്വീകരിക്കാന്‍ സഹോദരന്‍ എബ്രഹാമുള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. പുലര്‍ച്ചെയെത്തിയ വിമാനം ലാന്റ് ചെയ്ത് മറ്റ് യാത്രക്കാരെല്ലാം ഇറങ്ങിയിട്ടും അശ്വിനെ സീറ്റില്‍ തന്നെ കാണപ്പെട്ടതിനെ തുടര്‍ന്ന് വിമാന ജീവനക്കാര്‍ വിളിച്ചപ്പോഴാണ് ചലനമറ്റ നിലയില്‍ കണ്ടത്.
വിമാനത്താവളത്തിലെ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളുടെ മൊഴി പ്രകാരം വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും