ഇസ്ലമാബാദ്: പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം. അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയ എയര്‍ ഇന്ത്യവിമാനം മോചിപ്പിക്കുന്നതിന് ഇന്ത്യ വിട്ടയച്ച മൗലാന മസൂദ് അസ്ഹറിന്റെ നേതൃതത്വത്തിലുള്ള തീവ്രവാദിസംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. ആക്രമണത്തിനേക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയില്‍ അതിന്റെ ഉത്തരവാദിത്തവും അസ്ഹര്‍ ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ, പ്രതിരോധ ഏജന്‍സികളെയാണ് ജയ്‌ഷെ മുഹമ്മദ് പരിഹസിക്കുന്നത്.
ഇന്ത്യയുടെ സൈനിക നടപടി ഇത്രദിവസം നീണ്ടുപോയത് തങ്ങളുടെ ദൗത്യത്തിന്റെ വിജയമാണെന്ന് ജെയ്‌ഷെ മുഹമ്മദ് വീഡിയോയില്‍ അവകാശപ്പെടുന്നു. ആദ്യം അവര്‍ പറഞ്ഞു ആറു ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന്, പിന്നീട് അത് അഞ്ചായി അവസാനം നാലും. എന്നിട്ട് ഭീരുക്കളെപ്പോലെ കരയുകയും ചെയ്യുന്ന വലിയ രാജ്യം വിരലുകളുയര്‍ത്തി കുറ്റം ആരോപിക്കുകയും ചെയ്യുകയാണെന്നാണ് പതിമൂന്ന് മിനിറ്റുളള വീഡിയോയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പരിഹാസം. www.alqalamionline.com എന്ന സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. അതേസമയം ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പാകിസ്താന്‍ സ്വീകരിക്കരുതെന്നും, ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും സന്ദേശത്തില്‍ ജയ്‌ഷെ മുഹമ്മദ് വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരഞ്ജന്‍ കുമാറുള്‍പ്പെടെയുള്ള സൈനികരെയും വീഡിയോ സന്ദേശത്തില്‍ തീവ്രവാദ സംഘടന പരിഹസിക്കുന്നുണ്ട്.