പഠാൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരനും ഭാര്യയ്ക്കും ക്രൂരമായ മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പഠാൻകോട്ട് രക്തസാക്ഷി കുൽവന്ദ് സിങ്ങിന്റെ സഹോദരൻ ഹാർദിപ് സിങ്ങിനും ഭാര്യ കുൽവിന്ദർ കൗറിനുമാണ് മർദ്ദനമേറ്റത്. സാന്പത്തിക തർക്കത്തെ തുടർന്ന് ട്രാവൽ ഏജന്റുമായി ഉണ്ടായ വാക്കേറ്റത്തിനൊടുവിലായിരുന്നു മർദ്ദനം.
സംഭവം പൊലീസ് വിശദീകരിക്കുന്നതിങ്ങനെ: വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജവാന്റെ സഹോദരൻ ഹർദീപ് സിങ്ങിന്റെ കയ്യിൽ നിന്ന് ട്രാവൽ ഏജന്റ് ഉടമയായ ഗുർനാം സിങ്ങ് ഒൻപത് ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഹർദീപിന് ജോലി വാങ്ങിക്കൊടുക്കാൻ ട്രാവൽ ഏജന്റിന് കഴിഞ്ഞില്ല. ഇതോടെ ഹർദീപ് പണം തിരിച്ചു ചോദിച്ചു.
ഏജന്റ് അഞ്ച് ലക്ഷം രൂപ മാത്രം തിരിച്ചു നൽകുകയും ബാക്കി തുക പിന്നീട് നൽകാമെന്ന് ഉറപ്പ് നൽകുകയുംം ചെയ്തു. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെ ഇവർ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചു.
മെയ് 13ന് പൊലീസിൽ പരാതിപ്പെടാൻ പോകുന്പോഴാണ് ഭൈനി മിയാൻ ഖാൻ പൊലീസ് സ്റ്റേഷന് സമീപത്തുള്ള കടയിൽ വച്ചും കടയുടെ പുറത്തു വച്ചും ഹർദീപിനെയും ഭാര്യയെയും ഗുർനാമും ബന്ധുക്കളും മർദ്ദിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യപ്രതി ഗുർനാം സിങ് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
പഠാൻകോട്ട് എയർബെസിൽ അതിർത്തി കടന്നെത്തിയ ഭീകരർ ആക്രമണം നടത്തിയപ്പോൾ കൊല്ലപ്പെട്ട ഏഴ് ജവാന്മാരിലൊരാളാണ് ഹവീൽദാർ കുൽവന്ദ് സിങ്.
Leave a Reply