ക്രിസ്മസ് കാലം പത്രോസിനും കുടുംബത്തിനും പ്രതീക്ഷകളുടെ കാലമാണ്. നക്ഷത്രങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് അടുത്ത വർഷത്തെ ഡയാലിസിസിനുള്ള പണം ലഭിക്കുമെന്ന പ്രതീക്ഷ. നക്ഷത്ര വിപണി സജീവമാകുന്നതോടെ ആ പ്രതീക്ഷകൾ ഉയരും. ഈറ്റയും വർണക്കടലാസും കൊണ്ടുണ്ടാക്കുന്ന നക്ഷത്രങ്ങൾ വിറ്റു കിട്ടുന്ന പണമാണ് ആനപ്പാറ പുതുവ പത്രോസിന്റെ ജീവൻ നിലനിർത്തുന്നത്. വൃക്കരോഗിയായ പത്രോസിന് ആഴ്ചയിൽ 3 ഡയാലിസിസ് വേണം. ഡയാലിസിസിനുള്ള പണം സ്വരൂപിച്ചു വയ്ക്കാനുള്ള ശ്രമത്തിലാണ് അൻപത്തെഞ്ചുകാരനായ പത്രോസ്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു ഡയാലിസിസ്. മറ്റു ദിവസങ്ങളിൽ നക്ഷത്രങ്ങളുണ്ടാക്കും. ഈറ്റയിൽ ഉണ്ടാക്കിയ ചട്ടയിൽ പശകൊണ്ട് ചൈനീസ് പേപ്പറും മറ്റും ഒട്ടിച്ചു പരമ്പരാഗത രീതിയിലാണു നക്ഷത്ര നിർമാണം. വീട്ടിൽ നക്ഷത്രങ്ങൾ വാങ്ങാനെത്തുന്നവരുണ്ട്. ആവശ്യക്കാർ ഫോണിൽ വിളിച്ചാൽ വീടുകളിൽ നക്ഷത്രമെത്തിക്കും. വൃക്കരോഗത്തെ തുടർന്നു ഡയാലിസിസ് തുടങ്ങിയിട്ട് 8 വർഷമായി. സന്മനസ്സുള്ളവർ സഹായിക്കുന്നുണ്ട്. പത്രോസിന്റെ രോഗവിവരം അറിയാവുന്നവർ എൽഇഡി തുടങ്ങിയവ ഉപയോഗിച്ചുള്ള പുതുതലമുറ നക്ഷത്രങ്ങൾക്കിടയിൽ പത്രോസിന്റെ നക്ഷത്രവും തൂക്കുന്നു. പ്രതിദിനം ആറോ ഏഴോ നക്ഷത്രങ്ങൾ ഉണ്ടാക്കാനാവും. ഭാര്യ ലിസിയും മകൻ ഡാർവിനും സഹായിക്കും. വാങ്ങാനെത്തുന്നവർ ആഗ്രഹിക്കുന്ന വലുപ്പത്തിലും വർണങ്ങളിലും നക്ഷത്രങ്ങൾ നൽകും.
ആനപ്പാറ ഫാത്തിമമാതാ പള്ളിയിലെ ദേവാലയ ശുശ്രൂഷകനായിരുന്നു പത്രോസ്. ഇലക്ട്രിക്കൽ ജോലിയും നാടക രചനയുമൊക്കെയായി സജീവമായിരുന്നു. പക്ഷെ, വൃക്കരോഗം തളർത്തി. ദുശ്ശീലങ്ങളല്ല പത്രോസിനെ രോഗിയാക്കിയത്. പ്രഷറിനുള്ള മരുന്ന് ഉപയോഗിച്ചതിനു ശേഷമാണു വൃക്കരോഗം തുടങ്ങിയതെന്നു പത്രോസ് പറഞ്ഞു. മോട്ടർ, ഫാൻ വൈൻഡിങ്ങിനായി വീടിനടുത്തു തുടങ്ങിയ ചെറിയ കട അനാരോഗ്യം മൂലം വല്ലപ്പോഴുമാണു തുറക്കുക.
Leave a Reply