ബര്‍മിംഗ്ഹാം: ഹൃദ്രോഗബാധിതനായ ആളെ ചികിത്സിക്കാന്‍ എത്തിയ ആംബുലന്‍സ് വഴിമുടക്കിയെന്ന് ആരോപിച്ച് കുറിപ്പെഴുതിയ സംഭവത്തിലെ രോഗി മരിച്ചു. രക്തം ഛര്‍ദ്ദിച്ച് അവശനായ രോഗിയെ ആംബുലന്‍സ് ജീവനക്കാര്‍ പരിചരിക്കുന്നതിനിടെയായിരുന്നു പ്രദേശവാസിയായ കെട്ടിടമുടമ ആംബുലന്‍സ് തന്റെ വഴിമുടക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ആംബുലന്‍സിന്റെ വിന്‍ഡ് ഷീല്‍ഡില്‍ ഇയാള്‍ ഒരു കുറിപ്പ് എഴുതി പതിക്കുകയായിരുന്നു. നിങ്ങള്‍ ജീവന്‍ രക്ഷിക്കാനായിരിക്കും വന്നത്. പക്ഷേ എന്റെ വഴി മുടക്കിക്കൊണ്ട് നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യരുതെന്നായിരുന്നു കുറിപ്പ്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഹാര്‍ട്ട്‌ലാന്‍ഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് ഇയാള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ എത്തിയ ആംബുലന്‍സിലെ ജീവനക്കാര്‍ രോഗിയെ പരിചരിക്കുന്ന തിരക്കിലായിരുന്നു. അതിനിടെയാണ് പ്രദേശവാസിയുടെ പരാക്രമം. ആംബുലന്‍സിന്റെ വശങ്ങളില്‍ അടിച്ചുകൊണ്ട് തന്റെ കാര്‍ ഇറക്കാന്‍ കഴിയുന്നില്ല എന്ന അക്രോശവുമായി ഒരാള്‍ എത്തുകയായിരുന്നു.
പിന്നീട് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് ആംബുലന്‍സിനു മുന്നില്‍ ജീവനക്കാര്‍ കുറിപ്പ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ആംബുലന്‍സ് ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില് പോസ്റ്റ് ചെയ്തു. സ്വാര്‍ത്ഥതയുടെ പരകോടി എന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനത്തിനാണ് വിധേയമായത്. ,
Leave a Reply