ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കയിലെ കെൻ്റക്കിൽ ഉള്ള കെയർ ഹോമായ ജെഫേഴ്സൺ മാനർ നേഴ്സിങ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ഹൈഡ്രോളിക് ലിഫ്റ്റ് അപകടത്തിൽ ഒരു രോഗിക്ക് ജീവൻ നഷ്ടമായി . ഡയമണ്ട് ജോൺസൺ എന്ന നേഴ്സിങ് ഹോം അസിസ്റ്റന്റ് രോഗിയെ കസേരയിൽ നിന്ന് കിടക്കയിലേക്ക് മാറ്റുന്നതിനായി ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു . രോഗിയെ സുരക്ഷിതമായി മാറ്റാൻ ഉപയോഗിക്കുന്ന സ്ലിങ് പ്രക്രിയയ്ക്കിടെ രോഗി ലിഫ്റ്റിന്റെ ലോഹഭാഗത്ത് ഇടിച്ചുവീഴുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഏകദേശം 40 മിനിറ്റ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ തുടർന്നു കേസ് അന്വേഷിച്ച ഗ്രാൻഡ് ജൂറി, 2025 ഒക്ടോബർ 2ന് ഡയമണ്ട് ജോൺസനെതിരെ ‘നെഗ്ലിജന്റ് ഹോമിസൈഡ്’ (അശ്രദ്ധ മൂലമുള്ള കൊലപാതകം) കുറ്റം ചുമത്താൻ തീരുമാനിച്ചു. ജോൺസൺ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതിനാലാണ് ഈ ദുരന്തത്തിന് കാരണമായത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ അനിവാര്യമാണ്. സ്ലിങ് ശരിയായി സ്ഥാപിച്ചിട്ടുണ്ടോ എന്ന് ശരിയായി പരിശോധിക്കണം. ഇത് കൂടാതെ രോഗിയുടെ ശരീരഭാരം യന്ത്രത്തിന്റെ ശേഷിയ്ക്ക് ഉള്ളിലാണോ എന്ന് ഉറപ്പാക്കണം. ലിഫ്റ്റ് ഉപയോഗിക്കുന്നതിനുമുമ്പ് എല്ലാ ഭാഗങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. രോഗിയെ ഉയർത്തുന്നതിന് മുമ്പ് മറ്റൊരു സ്റ്റാഫ് അംഗത്തിന്റെ സഹായവും ഉറപ്പാക്കുന്നത് സുരക്ഷിതമാണ്. ഇത്തരത്തിലുള്ള സൂക്ഷ്മതകളും പരിശീലനവും പാലിക്കുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയൂ.


അടുത്തിടെ യുകെയിൽ രണ്ട് മലയാളികൾക്ക് മൂവിങ് ആൻഡ് ഹാൻഡ്‌ലിംഗ് തെറ്റായി ചെയ്തുവെന്നാരോപിച്ച് ജോലി നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ കെയർ ജോലിയിൽ ഏർപ്പെടുന്നവർ ഹോയ്സ്റ്റ് ശരിയായി ഉപയോഗിക്കുന്ന രീതി, അനുയോജ്യമായ സ്ലിങ് എങ്ങനെ തിരഞ്ഞെടുക്കണം, രോഗിയെ നീക്കുമ്പോൾ കൂടെ വേറെ സ്റ്റാഫ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ പൂർണമായി അറിയണം. നിയമപരമായും ജോലിസുരക്ഷയിലുമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇത്തരം ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.