തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്സിജന്‍ കിട്ടാതെ രോഗി മരണപ്പെട്ടതായി പരാതി. പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്. സംഭവത്തില്‍ രാജന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

രാജന്റെ മരണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും തിരുവല്ല താലൂക്ക് ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലായിരുന്നു രാജനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. രാജന് കടുത്ത ശ്വാസം മുട്ടലുണ്ടായിരുന്നതിനാല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഓക്സിജന്‍ നല്‍കിയിരുന്നതായി മകന്‍ ഗിരീഷ് പറയുന്നു.

“മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി. എന്നാല്‍ ആംബുലന്‍സ് മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഓക്സിജന്‍ തീര്‍ന്നു. അച്ഛന്‍ അവശനാകുന്നത് കണ്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു,” ഡ്രൈവര്‍ ഇതിന് തയാറായില്ല, ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“ഡ്രൈവര്‍ പറയുന്നത് കേള്‍ക്കാതെ നേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു. എന്റെ മടിയില്‍ കിടന്നാണ് അച്ഛന്‍ മരിച്ചത്,” ഗിരീഷ് പറഞ്ഞു. ആശുപത്രിയിലെത്തിയതും ഡ്രൈവര്‍ കടന്നു കളഞ്ഞെന്നും ഗിരീഷ് ആരോപിക്കുന്നു. രാജന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ താലൂക്ക് ആശുപത്രി അധികൃതരും ആംബുലന്‍സ് ഡ്രൈവറും തള്ളി.

രാജന്റെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “ആശുപത്രിയിലെത്തിക്കുമ്പോള്‍ രാജന്റെ ഓക്സിജന്‍ ലെവല്‍ 38 ശതമാനമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രാജനെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത്,” ബിജു പറഞ്ഞു.

“ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളജിലേക്ക് അയച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചത്,” ബിജു കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ കിട്ടാതെയല്ല രോഗി മരിച്ചതെന്നും ആംബുലന്‍സിലെ ഓക്സിജന്‍ തീര്‍ന്നിട്ടില്ലെന്നും ഡ്രൈവര്‍ ബിജോയ് അവകാശപ്പെട്ടു.