ലണ്ടന്‍: അടിയന്തര ശ്രദ്ധ ആവശ്യമായ രോഗികള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ പരിചരണത്തിന്റെ കുറവ് മൂലം മരിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് എന്നായിരുന്നു എന്‍എച്ച്എസ് പ്രതികരിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്ന രോഗികളില്‍ മൂന്നിലൊന്ന് പേര്‍ മരിക്കുന്നുണ്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നത്. ജീവനക്കാരുടെയും ആശുപത്രി ഉപകരണങ്ങളുടെയും കുറവാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റി എന്‍ക്വയറി ഇന്‍ടു പേഷ്യന്റ് ഔട്ട്കം ആന്‍ഡ് ഡെത്ത് നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തു വന്നത്.

ഓരോ വര്‍ഷവും ചികിത്സക്കിടെ എമര്‍ജന്‍സി ഓക്‌സിജന്‍ സ്വീകരിക്കേണ്ടി വന്ന 50,000 രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോളാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഫേസ് മാസ്‌കുകളിലൂടെ ഓക്‌സിജന്‍ നല്‍കിയ 353 രോഗികള്‍ക്ക് കാര്യമായ പരിചരണം ലഭിച്ചിരുന്നില്ലെന്ന് പഠനം വ്യക്തമാക്കി. യുകെയിലെ മരണങ്ങളില്‍ ഏറ്റവും വലിയ അഞ്ചാമത്തെ കാരണമായ ക്രോണിക് ഒബ്്‌സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് രോഗികള്‍ക്കാണ് മാസ്‌ക് ഉപയോഗിച്ച് ഓക്‌സിജന്‍ നല്‍കുന്നത്. ന്യുമോണിയ രോഗികള്‍ക്കും ഈ വിധത്തില്‍ ഓക്‌സിജന്‍ നല്‍കാറുണ്ട്.

എന്‍ഐവി ആവശ്യമായി വരുന്ന രോഗികള്‍ക്ക് അത് നല്‍കാന്‍ ജീവനക്കാരുടെ കുറവ് മൂലം സാധിക്കാറില്ലെന്ന് 40 ശതമാനം ആശുപത്രികള്‍ വെളിപ്പെടുത്തി. ഫണ്ടുകള്‍ ഇല്ലാതാകുന്നതും ശമ്പളക്കുറവ് മൂലം ജീവനക്കാര്‍ കുറയുന്നതും ഈ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സ്‌പെയിനില്‍ 18 ശതമാനവും ഫ്രാന്‍സില്‍ 10 ശതമാനവും മാത്രമാണ് ഈ ചികിത്സയിലുണ്ടാകുന്ന പിഴവു മൂലമുള്ള മരണങ്ങളുടെ നിരക്ക്.