ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സുമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരമൂലം പ്രവർത്തനങ്ങൾ തടസപ്പെട്ടേക്കുമെന്ന് എൻഎച്ച്എസ് രോഗികൾക്ക് മുന്നറിയിപ്പ് നൽകി . നേരത്തെ ഡിസംബർ 15, 20 തീയതികളിൽ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾക്കായി നേഴ്സുമാർ സമരത്തിനിറങ്ങിയിരുന്നു. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാരിൻറെ ഭാഗത്തുനിന്നും തുടർ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 6 , 7 തീയതികളിൽ 19.2 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ സമരമുഖത്തിറങ്ങും.
ഡിസംബറിൽ നടന്ന സമരത്തിൽ 55 ട്രസ്റ്റുകളുടെ നേഴ്സുമാർ മാത്രമാണ് പണിമുടക്ക നിറങ്ങിയത്. എന്നാൽ അടുത്തമാസം നടക്കുന്ന സമരത്തിൽ 75 ട്രസ്റ്റുകളിലെ നേഴ്സുമാർ സമരമുഖത്തിറങ്ങും. കഴിഞ്ഞ പ്രാവശ്യത്തെ സമരത്തിനെ അപേക്ഷിച്ച് കൂടുതൽ ആളുകൾ പണി മുടക്കുന്നതോടെ പല ആരോഗ്യ സേവനങ്ങളും തടസ്സപ്പെടുവാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രേഡ് യൂണിയൻ നിയമമനുസരിച്ച് രാവിലെ 8 മുതൽ വൈകിട്ട് 8 മണി വരെയാണ് പണിമുടക്കിന്റെ സമയം.
പണിമുടക്കിന്റെ സമയത്ത് അടിയന്തര പ്രാധാന്യമുള്ള പരിചരണങ്ങൾ മുടക്കമില്ലാതെ നടക്കുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെട്ടേക്കില്ല. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്ത അടിയന്തര പ്രാധാന്യമില്ലാത്ത പല സേവനങ്ങൾക്കും തടസ്സം ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മാസത്തെ സമരം മൂലം ഇത്തരത്തിലുള്ള ആയിരക്കണക്കിന് അപ്പോയിൻമെൻറ്കൾ പുന:ക്രമീകരിക്കേണ്ടതായി വന്നിരുന്നു.
Leave a Reply