ഇടുക്കി: ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ കൊട്ടക്കൊമ്പൂര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. വ്യാജ പട്ടയമുണ്ടാക്കി സര്‍ക്കാര്‍ തരിശുഭൂമി കയ്യേറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ഏഴാം തിയതി ഹാജരാകണമെന്ന് ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ജോയിസ് ജോര്‍ജിനു ബന്ധുക്കള്‍ക്കും നോട്ടീസ് അയച്ചിരുന്നു.
അഭിഭാഷകന്‍ മുഖേന എംപിയും ബന്ധുക്കളും പട്ടയവും മറ്റ് രേഖകളും ഹാജരാക്കിയെങ്കിലും ഇവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ജോയിസ് ജോര്‍ജ്, ഭാര്യ അനൂപ, അമ്മ മേരി, സഹോദരന്‍മാരായ രാജീവ് ജോര്‍ജ്, ജസ്പിന്‍ ജോര്‍ജ് എന്നിവരുടെ പേരില്‍ കൊട്ടക്കൊമ്പൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. അതേസമയം പിതാവില്‍ നിന്ന് കൈമാറിക്കിട്ടിയ ഭൂമിയാണ് ഇതെന്നായിരുന്നു ജോയിസ് ജോര്‍ജ് വാദിച്ചിരുന്നത്. ജോയിസ് ജോര്‍ജിന്റേതാണ് ഭൂമിയെന്നും നിയമവിരുദ്ധമായി ഇതില്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തിരുന്നു.
റവന്യൂ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടരി നിവേദിത പി.ഹരന്‍ നടത്തിയ അന്വേഷണത്തില്‍ വട്ടവട, കൊട്ടക്കൊമ്പൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍, മറയൂര്‍ പ്രദേശങ്ങളില്‍ വ്യാജ രേഖകള്‍ തയ്യാറാക്കി നിരവധി പേര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു. ഇത്തരം ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് ജോയിസ് ജോര്‍ജിനും ബന്ധുക്കള്‍ക്കും നോട്ടീസ് അയച്ചത്.
Leave a Reply