വ്യാജ രേഖ ചമച്ച കേസിൽ പ്രതികളായ വൈദികരുടെ ലാപ്ടോപ്പുകളിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ആദിത്യ സക്കറിയ ഇമെയിൽ വഴി വൈദികർക്ക് അയച്ച രേഖകളാണ് കണ്ടെത്തിയത്. ആദിത്യയെ വൈദികർക്കൊപ്പം ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു.വ്യാജരേഖകേസിൽ പ്രതികളായ വൈദികർ, പോൾ തേലക്കാട്ട് , ആന്റണി കല്ലുകാരൻ എന്നിവർ ഉപയോഗിച്ച ലാപ്‌ടോപ്പുകൾ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ഇവ സൈബർ വിദഗ്ധർ പരിശോധിച്ചാണ് മൂന്നാം പ്രതി ആദിത്യ സക്കറിയ അയച്ച രേഖകളുടെ വിവരങ്ങൾ കണ്ടെത്തിയത്. വൈദികരുടെ ഇമെയിൽ അക്കൗണ്ടിലാണ് ഇതുള്ളത്. എന്നാൽ ഇതേ ലാപ്ടോപ്പുകളിലൂടെ തന്നെയാണോ രേഖകളുടെ കൈമാറ്റം നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള പരിശോധനകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഇതിന്റെ തുടർച്ചയായി വിവരങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമാണ് ഒടുവിൽ നടന്നത്. വ്യാജരേഖകൾ ഉണ്ടാക്കിയതിന് അറസ്റ്റിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ ആദിത്യയെ വീണ്ടും നോട്ടിസ് നൽകി വരുത്തുകയായിരുന്നു. ആദ്യം വൈദികർക്ക് ഒപ്പമിരുത്തിയും പിന്നെ ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്തു. ബുധനാഴ്ച വരെ ചോദ്യം ചെയ്യൽ തുടരും. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അന്വേഷണ സംഘം നിലപാട് അറിയിക്കും.അതിനു മുൻപ് പ്രതികൾക്ക് എതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യം.
Leave a Reply