ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചു വീടിനുള്ളിൽ കൂടാനുള്ള അവസരം വന്നിരിക്കുകയാണ്. എന്നാൽ കോവിഡ് കേസുകൾ ഇപ്പോൾ വളരെ കുറവാണെന്നത് അർത്ഥമാക്കുന്നത് വൈറസ് പൂർണമായും ഇല്ലാതായെന്നല്ല. അതുകൊണ്ട് തന്നെ ഇനിയൊരു പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ നാം മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. രോഗബാധിതനായ ഒരാളുമായി നിങ്ങൾ കൂടുതൽ അടുക്കുമ്പോൾ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് 2 മീറ്റർ (6 അടി) അകലം പാലിക്കണമെന്ന നിർദേശം അധികൃതർ മുന്നോട്ടു വച്ചിരിക്കുന്നത്. ഒരാളുമായി എത്രനേരം എത്രത്തോളം അടുത്ത് നിൽക്കുന്നു എന്നതനുസരിച്ചാവും രോഗവ്യാപന സാധ്യതയും. ആളുകൾ സ്പർശിച്ച ഇടങ്ങളിൽ വീണ്ടും സ്പർശിക്കുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്ന ധാരണ കോവിഡിന്റെ ആദ്യ നാളുകളിൽ ഉണ്ടായിരുന്നു. എന്നാൽ വായുവിലൂടെ അണുക്കൾ പടർന്നുപിടിക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുകയുണ്ടായി. സാധാരണയായി കൈകൾ വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്.
വെന്റിലേഷന് കൂടുതൽ ഊന്നൽ നൽകണമെന്നും നല്ല വായുസഞ്ചാരം പ്രധാനമാണെന്നും വിദഗ്ദ്ധർ കരുതുന്നു. കോവിഡ് രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന തുപ്പലിലൂടെയും മറ്റും വൈറസ് പകരുന്ന രീതിയ്ക്കാണ് ഡ്രോപ്പ് ലെറ്റ് ട്രാൻസ്മിഷൻ എന്നാണ് പറയുക. സംസാരിക്കുമ്പോൾ വായുവിലൂടെ സഞ്ചരിച്ച് വൈറസ് പകരുന്ന രീതിയ്ക്ക് എയർബോൺ ട്രാൻസ്മിഷൻ എന്ന് പറയും. വീട്ടിൽ ഒരു ജാലകമോ വാതിലോ തുറന്നിടുന്നത് നല്ലതാണ്. നിങ്ങൾ സന്ദർശിക്കുന്ന റെസ്റ്റോറന്റുകളും പബ്ബുകളും സമാനമായ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുക.
കൂടുതൽ ആളുകൾ എന്നതിനർത്ഥം അവരിൽ ഒരാൾ രോഗബാധിതനാകാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ്. തിരക്ക് കൂടുന്നത് ആളുകൾ അടുത്ത സമ്പർക്കത്തിലേക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ഒരാൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച രണ്ട് ആളുകൾക്കിടയിൽ അണുബാധ പടരാനുള്ള സാധ്യത ഇല്ലാതാകുന്നു. വാക്സിനേഷൻ സ്വീകരിക്കുന്നതിലൂടെ സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവുമാണ് സുരക്ഷിതമാക്കുന്നത്. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ഒത്തുകൂടുന്നതെങ്കിൽ കൂടുതൽ സുരക്ഷ അവിടെ ഉറപ്പാകുന്നുണ്ട്.
Leave a Reply