ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- റഷ്യയിലെ പ്രൈവറ്റ് മിലിറ്ററി സംഘടനയായ വാഗ് നർ ഗ്രൂപ്പ്‌ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ നടത്തിയ വിമത നീക്കത്തിനുശേഷം പ്രസിഡന്റ് ജനങ്ങളിൽ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എങ്ങനെയാണ് തങ്ങളുടെ ധീരനായ നേതാവ് വിമതരെ മോസ്കോ നഗരത്തിന്റെ ഇത്രയും അടുത്ത് എത്തുവാൻ അനുവദിച്ചതെന്നാണ് പുടിൻ അനുകൂലികൾ തന്നെ അദ്ദേഹത്തോട് ചോദിക്കുന്നത്. പുടിന്‍ എന്ന ശക്തനായ ഭരണാധികാരിക്കെതിരെ അട്ടിമറി നീക്കം നടത്തിയ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗെനി പ്രിഗോസിന്‍ പുടിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ റഷ്യൻ പട്ടാളത്തെ നിരവധി തവണ സഹായിച്ചതും വാഗ്നർ ഗ്രൂപ്പ് തന്നെയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ഉണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോൾ ഈ വിമത നീക്കങ്ങളിൽ വരെ എത്തിച്ചിരിക്കുന്നത്. യെവ്ജെനി പ്രിഗോസിന്റെ പരാജയപ്പെട്ട നീക്കത്തിൽ ആരും പങ്കാളികളാകരുതെന്ന് റഷ്യക്കാരോട് അഭ്യർത്ഥിച്ചുകൊണ്ട് അടിയന്തര സന്ദേശം പുറത്തുവിട്ട ശേഷം റഷ്യൻ പ്രസിഡന്റിനെ പിന്നീട് കണ്ടിട്ടില്ല എന്നാണ് പുതിയ ആരോപണം. തൽസമയ സംപ്രേഷണത്തിന് അദ്ദേഹം എത്തുകയില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ 23 വർഷത്തെ ഭരണത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട പുടിൻ രാജ്യം വിട്ടതായും അഭിപ്രായങ്ങളുണ്ട്. രണ്ട് പ്രസിഡൻഷ്യൽ വിമാനങ്ങൾ മോസ്കോയിൽ നിന്ന് പറന്നുയർന്നതായുള്ള റിപ്പോർട്ടുകളിൽ നിന്നാണ് പുടിൻ രാജ്യം വിട്ടതായുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. വാഗഗ്നർ ഗ്രൂപ്പിന്റെ അട്ടിമറിശ്രമം റഷ്യൻ ഭരണകൂടത്തിൽ തന്നെ വിള്ളലുകൾ ഉയർന്നുവരുന്നതാണ് സൂചിപ്പിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രതികരിച്ചു. എന്നാൽ യുദ്ധതത്‌പരനായ നേതാവ് ഭയന്നോടിയെന്നാണ് കൈവ് വൃത്തങ്ങൾ ആരോപിച്ചത്. അദ്ദേഹം നാണക്കേട് മൂലം ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയാണെന്നുള്ള സൂചനകളാണ് പൊതുവേ പുറത്തുവരുന്നത്.

എന്നാൽ ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്ന് വാഗ്നർ ഗ്രൂപ്പ്‌ മോസ്കോയിൽ നിന്നും പിൻവാങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തനിക്കെതിരെയുള്ള കലാപ ആരോപണങ്ങൾ ഒഴിവാക്കുന്നതിന് പകരമായി പ്രിഗോസിൻ ബലാറസിലേക്ക് വിട്ടുപോകാമെന്ന ധാരണ അംഗീകരിച്ചതായാണ് ക്രെമ്നിലിനിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. എന്നാൽ പിന്നീട് പ്രിഗോസിനെ സംബന്ധിച്ച വിവരങ്ങളും ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. റോസ്തോവ്-ഓൺ-ഡോണിലെ റഷ്യൻ സൈനിക ആസ്ഥാനത്ത് വാഗ്നർ സംഘം ഇരച്ചുകയറിയതിന് ശേഷം പ്രദേശവാസികൾ പ്രിഗോസിനെ അഭിനന്ദിക്കുന്ന വീഡിയോയാണ് അദ്ദേഹത്തെ സംബന്ധിച്ചും ലഭിക്കുന്ന അവസാനത്തെ വിവരം. എന്നാൽ ഇരുവരും തമ്മിൽ ഉണ്ടായിരിക്കുന്ന ധാരണയെ സംബന്ധിച്ച് പുടിൻ ഇതുവരെയും ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ റഷ്യയിൽ തികച്ചും അപ്രതീക്ഷിതമായ നീക്കങ്ങളാണ് ഭരണകൂടത്തിന് നേരെ നടക്കുന്നത്.