ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ശതകോടീശ്വരരായ ഇസ്സ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള ഇ ജി ഗ്രൂപ്പിന്റെ വിവിധ പെട്രോൾ പമ്പുകളിലെ 10,500 ജീവനക്കാർക്ക് വേതന വർദ്ധനവ് കമ്പനി ഏർപ്പെടുത്തിയിരിക്കുകയാണ്. പകർച്ചവ്യാധി കാലഘട്ടത്തിൽ ഉടനീളമുള്ള ജീവനക്കാരുടെ കഠിന പ്രയത്നങ്ങളെയും, പ്രതിബദ്ധതെയും മാനിച്ചാണ് വേതന വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഒക്ടോബർ ഒന്ന് മുതൽ ആകും ഈ തീരുമാനം പ്രാബല്യത്തിൽ വരികയെന്നും കമ്പനി അധികൃതർ പറഞ്ഞു. ഇതനുസരിച്ച് 18 വയസ്സിന് മുകളിലുള്ള എല്ലാ ജീവനക്കാർക്കും മണിക്കൂറിന് 9.50 പൗണ്ട് തുക വീതം ശമ്പളം ഉണ്ടാകും. കൂടുതൽ പ്രവർത്തി പരിചയമുള്ളവർക്കും, സൂപ്പർവൈസർമാർക്കും, ടീം ലീഡർമാർക്കും മണിക്കൂറിന് 10 പൗണ്ട് വരെ നൽകും. മണിക്കൂറിൽ അഞ്ച് ശതമാനം വേതന വർദ്ധനവാണ് പുതിയ തീരുമാനപ്രകാരം ഉണ്ടാകുന്നത്.

പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ തങ്ങളുടെ സ്റ്റാഫുകൾ ചെയ്ത പ്രവർത്തി പ്രശംസനീയമാണെന്നും , അതിനാൽ തന്നെയാണ് വേതന വർദ്ധനവ് നടപ്പിലാക്കുന്നത് എന്നും ഇ ജി ഗ്രൂപ്പ് ഫൗണ്ടർമാരായ മോഹ്സിൻ ഇസ്സയും, സുബർ ഇസ്സയും വ്യക്തമാക്കി. ജീവനക്കാരുടെ പ്രവർത്തന മികവ് കൊണ്ട് തന്നെയാണ് ഇ ജി ഗ്രൂപ്പിന് കഴിഞ്ഞ 12 മാസങ്ങളായി വളർച്ച ഉണ്ടായിരിക്കുന്നത് . ഓരോ ജീവനക്കാരോടും തങ്ങൾക്ക് നന്ദിയുണ്ടെന്നും, അതിന്റെ ഭാഗമായാണ് വേതന വർദ്ധനവ് ഉണ്ടായിരിക്കുന്നത് എന്നും അവർ വ്യക്തമാക്കി.


2001 ലാണ് ഇ ജി ഗ്രൂപ്പ്‌ ആദ്യമായി നിലവിൽ വരുന്നത്. 2020ൽ ഇ ജി ഗ്രൂപ്പ്‌ അസ്ഡാ സൂപ്പർമാർക്കറ്റ് ശൃംഖല വാൾമാർട്ടിൽ നിന്നും വാങ്ങിയിരുന്നു. ഏകദേശം 389 ഓളം പെട്രോൾ സ്റ്റേഷനുകൾ ഇ ജി ഗ്രൂപ്പിന്റെ കീഴിലുണ്ട്.