ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക്ഷെയർ : വെയ് ക് ഫീൽഡ് , ഹോണിറ്റൺ മണ്ഡലങ്ങളിലെ മലയാളികൾ ഉൾപ്പെടുന്ന വോട്ടർമാർ നാളെ ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തങ്ങളുടെ എംപിയെ തിരഞ്ഞെടുക്കുന്നതിനായി സമ്മതിദാനവകാശം രേഖപ്പെടുത്തും. വെയ് ക് ഫീൽഡ് പരമ്പരാഗതമായി ലേബറിന്റെ കോട്ടയായിരുന്നു. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ബ്രിട്ടീഷ് ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത തരത്തിലുള്ള സാമുദായിക ദ്രുവീകരണം നടത്തിയാണ് മലയാളികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മേരി ക്രെയ്ഗിനെ പരാജയപ്പെടുത്തി കൺസർവേറ്റീവ് വെയ് ക് ഫീൽഡ് പിടിച്ചെടുത്തത്. മലയാളികൾ ഉൾപ്പെടുന്ന ലേബർ പാർട്ടി അനുഭാവികൾ വെയ് ക് ഫീൽഡ് തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. വെയ് ക് ഫീൽഡിലെ മുൻ കൺസർവേറ്റീവ് എംപി ഇമ്രാൻ അഹമ്മദ് ഖാൻ 2008-ൽ 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുകയാണ്. കോമൺസ് ചേമ്പറിൽ ഇരുന്ന് രണ്ടുതവണ തന്റെ ഫോണിൽ അശ്ലീലദൃശ്യം കണ്ടതായി സമ്മതിച്ച് ടോറി എംപി നീൽ പാരിഷ് രാജിവച്ചതോടെയാണ് ഹോണിറ്റണിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വെസ്റ്റ് യോർക്ക്ഷെയറിലെ വെയ് ക് ഫീൽഡ് 1932 മുതൽ ലേബർ സീറ്റായിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഈ സീറ്റ് നഷ്ടമായത്. 2019ൽ 3,358 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടോറികൾ വിജയിച്ചത്. എന്നാൽ ഇത്തവണ മണ്ഡലം പഴയ പ്രതാപത്തിലേക്ക് തിരിച്ചു പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ലേബർ പാർട്ടി. രണ്ട് മണ്ഡലങ്ങളിലും കൺസർവേറ്റീവുകൾ പരാജയപ്പെട്ടാൽ അത് ബോറിസ് ജോൺസന് മേൽ കനത്ത സമ്മർദ്ദമുണ്ടാക്കുമെന്നത് മറ്റൊരു വസ്തുത.

 

അടുത്തിടെ വെയ് ക് ഫീൽഡിൽ നടന്ന സർവേഷൻ പോളിലും ജെഎൽ പാർട്ണർസ് പോളിലും ലേബർ പാർട്ടി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പറയുന്നു. വെയ് ക് ഫീൽഡിൽ സൈമൺ ലൈറ്റ് വുഡ് ആണ് ലേബർ പാർട്ടി സ്ഥാനാർത്ഥി. നദീം അഹമ്മദ് ആണ് കൺസർവേറ്റീവ് സ്ഥാനാർത്ഥി . ഹോണിറ്റണിൽ ലിസ് പോൾ ആണ് ലേബർ പാർട്ടി സ്ഥാനാർത്ഥി . കൺസർവേറ്റീവിന്റെ ഹെലൻ ഹർഫോർഡും മത്സരരംഗത്തുണ്ട്. ജൂൺ 24 ന് അതിരാവിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.