ആദില ഹുസൈൻ
പഴയോണം എന്ന് പറയുമ്പോൾ അത്ര പഴക്കമൊന്നുമില്ല, നാം എന്നത് അവരും ഞങ്ങളും നമ്മളും നിങ്ങളും ഒക്കെയായി ഭാഗം പിരിയുന്നതിനു മുൻപ് ബാല്യം ആഘോഷിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരുവൾ സന്തോഷം അയവിറക്കാൻ എത്തിയിരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.
കേരളത്തിലെ സാധാരണക്കാരായ മനുഷ്യന്മാർ ഏതൊക്കെ ആഘോഷങ്ങൾ എന്തൊക്കെ രീതിയിൽ കൊണ്ടാടണമെന്നും, ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും എന്തിനൊക്കെ പുതിയ പേരിടണമെന്നും കൂലങ്കുഷമായ ചർച്ചകൾ സമുദായിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഒരു വഴിക്ക് നടത്തി കൊണ്ടിരിക്കെ , മറ്റൊരു വഴിക്ക് വർഷങ്ങൾ നീണ്ട പ്രളയക്കെടുതിക്കും മഹാമാരിക്കും ശേഷം ആദ്യമായി ഒരുമിച്ചു കൂടിയ ഓണമെന്ന നിലയിൽ ‘ഒരുമിച്ചോണം ‘ എന്ന തലക്കെട്ട് നല്ല അടിപൊളിയായി ആഘോഷിക്കാൻ ഉറച്ചു ഒരുമിച്ചു കോടിയെടുത്ത്, ഓണപ്പാട്ടും പാടി, ഒണക്കളികൾക്കും കൂടി സദ്യയും കഴിച്ചു ഉരുളിയും നക്കി വടിച്ചു തകൃതിയാക്കുന്നുണ്ട് നമ്മളെപ്പോലുള്ള സാധാരണക്കാർ.
ഇനി എന്റോണത്തിലേക്ക് വരാം,
ഓണാട്ടുകരക്കാരിയാണ് ഞാൻ, നല്ല കള്ളന്റെ നാട്ടുകാരി, ഒരല്പം കൂടി കനം കൂട്ടി പറഞ്ഞാൽ മധ്യതിരുവിതാംകൂറുകാരി
ചെറുപ്പത്തിലെ ഓണത്തിന്റെ ഏറിയ പങ്കും രാമപുരം അഥവാ പത്തിയൂർ എന്ന സ്ഥലത്തായിരുന്നു ചെലവഴിച്ചത്. ഉമ്മിയുടെ വീട്ടിലാണ് ഒഴിവുകാലങ്ങളിൽ ഏറിയ പങ്കിന്റെയും മധുരമൂറുന്നയോർമ്മകളുള്ളത്,
ഉമ്മയുടെ വാപ്പയായ ‘ഉപ്പാക്ക്’ പത്തു കൊച്ചുമക്കളാണ് മൊത്തം, അവരിൽ ചുരുങ്ങിയത് ആറുപേരെങ്കിലും പുത്തൻ കണ്ടത്തിൽ എന്ന വീട്ടിൽ അവധിക്കാലങ്ങളിൽ ഉണ്ടാവും. ഓണാവധിക്ക് പ്രത്യേകിച്ച്. ഞങ്ങൾ നന്നായി ഭക്ഷണം കഴിക്കുകയും, അതിലും നന്നായി കളികളിൽ കൂടുകയും, ഏറ്റവും ഉപരിയായി ജീവഹാനി ഒഴികെയുള്ള എല്ലാ കുരുത്തക്കേടുകളിലും ഏർപ്പെടുകയും ചെയ്യുമായിരുന്ന ഒരു ചെറിയ വാനരസേനയായിരുന്നു. കുട്ടിക്കൂട്ടത്തിന് ഓണത്തിലെ ചുരുങ്ങിയത് അഞ്ചു ദിവസങ്ങളിൽ എങ്കിലും അയൽ വീടുകളിൽ നിന്നായിരുന്നുസദ്യ. കിഴക്കേലമ്മൂമ്മയും, തെക്കേലമ്മയും, യശോദച്ചെയ്യും, ഗീത ആന്റിയും, നാച്ചയുടെ കൂട്ടുകാരായ പേരോർമ പോലുമില്ലാത്ത അങ്കിളുമാരും ആന്റിമാരും ഞങ്ങളെ റാഞ്ചിയെടുത്തു കൊണ്ടു പോയി മത്സരിച്ചൂട്ടിയിരുന്നു.
നെയ്യൊഴിച്ച ചോറിലേക്ക് പരിപ്പും സാമ്പാറും പയറു കറിയും പുളിശ്ശേരിയും പച്ചമോരും, പായസവും പഴവും പപ്പടവും പാകത്തിന് കൂട്ടിക്കുഴച്ച് കഴിക്കാൻ ഞങ്ങൾ പഠിച്ചത് അവിടെനിന്നാണ്, പാൽപ്പായസത്തിൽ ബോളി അലിയിച്ചിറക്കാൻ കഴിഞ്ഞില്ലെങ്കിൽ സദ്യ പൂർണമായില്ല എന്ന് പോലും ഞങ്ങൾ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. പച്ചടിയോ, കിച്ചടിയോ, കാലനോ, ഓലനോ അവിയലോ, കൂട്ടുകറിയോ, മത്തങ്ങാ പുളിയോ എരിശ്ശേരിയോ,അച്ചാറുകളോ കൊണ്ടാട്ടാമോ പോയിട്ട്, മുരിങ്ങക്കൊലോ, കറിവേപ്പിലയോ, താളിച്ചെടുത്ത മുളകോ, കടുകോ പോലുമോ ഞങ്ങൾ ഇലയിൽ ബാക്കിയാക്കിയില്ല, അടയും, പ്രഥമനും, അരിപ്പായസവും, പയറുപായസവും, സേമിയയും ഒരു നേരം എത്ര ഗ്ലാസ് വെച്ചാണ് കുടിച്ചത് എന്ന് പോലും ഓർമയുണ്ടാവില്ല.
അയൽവീടുകളിൽ നിന്ന് തലയിണ കെട്ടുകൾ കണക്കെഎത്തുന്ന ഉപ്പേരി പൊതികൾ വൈകുന്നേരത്തെ ചായക്കൊപ്പം രുചി നോക്കാനെ ഞങ്ങൾക്ക് തികഞ്ഞിരുന്നുള്ളു.
എല്ലാ വീടുകളിലും ഊഞ്ഞാൽ ഉണ്ടാവും, പക്ഷെ പുത്തൻ കണ്ടത്തിലെ കനാല് വക്കിലെ രണ്ടു കൊന്നതെങ്ങുകൾ ചേർത്ത് ഉപ്പ കെട്ടുന്ന ഊഞ്ഞാലുകളിലാണ് ആ പ്രദേശത്തിലേക്കും ഉയരത്തിൽ ആയമിട്ട് ആടാൻ കഴിയുന്നത്. നല്ല ഉണങ്ങിയ മടലോ, ആഞ്ഞിലിത്തടി പാകത്തിൽ ഒരുക്കിയതോ ഇരിപ്പിടമാക്കി ഞങ്ങൾ ക്ഷമയോടെ കാത്തു നിന്ന് ഉണ്ടയിട്ട് (ഒരായത്തിനാണ് ഒരുണ്ട എന്ന പേര്) ഊഞ്ഞാലാടും. അപ്പുറത്തുന്നും ഇപ്പുറത്തുന്നും കണ്ണാണ്ണനും, വിഷ്ണുവും, ആശചേച്ചിയുമെല്ലാം വൈകുന്നേരങ്ങളിൽ ഉപ്പേരിയും, അമ്മൂമ്മക്കാതും കളിയോടക്കയും കൊറിച്ചു ഞങ്ങൾക്കൊപ്പം തന്നെയുണ്ടാവും, അമ്മമാർ ചീനച്ചട്ടിയിൽ നിന്നും നല്ല തേങ്ങാക്കൊത്തു ചേർത്തുണ്ടാക്കിയ ഉണ്ണിയപ്പവും നെയ്യപ്പവും കോരിയാൽ ഉടനെ ഞങ്ങളെയും കൊണ്ട് ഓടാൻ പാകത്തിലാണ് പലപ്പോഴും അവരുടെ നിൽപ്പ്.
നന്മ, സർഗ്ഗ, കാരുണ്യ തുടങ്ങിയ പേരുകളുള്ള കൂട്ടായ്മകൾ വൈകുന്നേരങ്ങളിൽ ഒഴിഞ്ഞ പറമ്പുകളിൽ നല്ല ഓണക്കളികൾ സംഘടിപ്പിച്ചിട്ടുണ്ടാവും. പങ്കെടുക്കണമെങ്കിൽ ചിലപ്പോഴൊക്കെ ചെറിയ തുക നൽകേണ്ടിയിരുന്നു. ഓണസമ്മാനം കിട്ടിയ നാണയങ്ങളും ചെറു നോട്ടുകളും ഞങ്ങളുടെ കൈവശം ഉണ്ടാവുമെങ്കിലും ഉപ്പയാണ് ഞങ്ങളുടെ പേരുകൾ വിലാസം ചേർത്ത് രജിസ്റ്റർ ചെയ്യുക. സബ് ജൂനിയർ
, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഞങ്ങൾ കഴിയുന്ന എല്ലാറ്റിനും മത്സരിക്കും,ഓണപ്പാട്ടിനും, ലളിത ഗാനത്തിനും ഞങ്ങളുടെ കൂട്ടത്തിലുള്ള രണ്ടു പേർക്ക് എല്ലായ്പോഴും സമ്മാനം ഉറപ്പാണ്, സ്കൂളിൽ നിന്ന് പഠിച്ച പാട്ടുകളും, കവിതകളും പ്രസംഗവുമെല്ലാം സ്റ്റേജ് ഫിയർ എന്താണെന്നു പോലുമറിയാതെ വരത്തനായ കുട്ടിയായി അത്രയും നാട്ടുകാരുടെ മുന്നിൽ വെച്ചു കാച്ചും.
പിന്നെ ഓണക്കളികളുടെ പൊടി പൂരമാണ്, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി, ഓട്ട മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, മിട്ടായി പെറുക്കൽ, വടം വലി എന്നിങ്ങനെ എന്തൊക്കെ മത്സരങ്ങളുണ്ടോ അതിനെല്ലാം കൂടും. ഞങ്ങളെപ്പോലെ ദൂരെ വീടുകൾ ഉള്ള, അമ്മാത്തേക്ക് ഓണത്തിന് വിരുന്നു വന്ന കുറേ കുട്ടികളുമായിട്ടാണല്ലോ മത്സരം. എന്നാലും മടങ്ങിപ്പോകുമ്പോൾ കൈ നിറയെ സമ്മാനങ്ങളുണ്ടാവും. സന്ധ്യക്ക് വീട്ടിലെത്തി കുളിച്ചു നിസ്കരിച്ചു ദിക്ർ ചൊല്ലി തുടങ്ങുമ്പോഴേക്കും വിളിക്കാൻ ആളെത്തിയിട്ടുണ്ടാവും, നിലത്തു വിരിച്ച ടാർപ്പയിൽ ഇരുന്നു നാടകവും, ഗാനമേളയും കൂത്തും കാണുന്നേരവും കൊറിക്കാനും കുടിക്കാനും കയ്യിൽ എന്തെങ്കിലും കരുതിയിട്ടുണ്ടാവും. നേരമേറെ വൈകിയാൽ ഞങ്ങൾ കുട്ടികൾ പരസ്പരം കൈ കൊരുത്തു പിടിച്ചു സുരക്ഷിതമായി നിലാവിൽ നനഞ്ഞുറങ്ങും, മുതിർന്നവർ വിളിച്ചാലും വീട്ടിൽ പോകാൻ കൂട്ടാക്കാതെ ഉണർന്നും ഉറങ്ങിയും പരിപാടി മുഴുവൻ തീർന്നിട്ടെ എണീക്കാൻ കൂട്ടാക്കൂ.
അപ്പോഴും പിറ്റേന്ന് പൂക്കളമിടാൻ ഏറ്റവും വ്യത്യസ്ത നിറത്തിലുള്ള കാട്ടു പൂക്കൾ ഏതു പറമ്പിലാണ് ഉണ്ടാവുകയെന്ന് തമ്മിൽ ചർച്ചയിലായിരിക്കും.
അന്നൊക്കെ മതമില്ല,
ജാതിയില്ല, സ്നേഹം മാത്രമാണ് ഞങ്ങൾ കണ്ടത്,
ഞങ്ങളുടെ പകലുകൾ രാത്രികളെക്കാൾ മനോഹരമായിരുന്നു,
ഞങ്ങളുടെ രാത്രികൾ അതിമനോഹരവും,
ഞങ്ങളുടെ നാളെകൾ പ്രതീക്ഷകൾ മാത്രം നിറഞ്ഞതായിരുന്നു. അമ്മയെന്നും, ഉമ്മിയെന്നും, ഇച്ചേച്ചിയെന്നും, അണ്ണാണ്ണനെന്നും, അപ്പൂപ്പനെന്നും, ഉപ്പയെന്നും, ഉമ്മാമ്മയെന്നും അമ്മൂമ്മയെന്നും, അമ്മാമ്മയെന്നും, അച്ചാച്ചനെന്നും ഞങ്ങൾ വിളിച്ചിരുന്നത് ഞങ്ങളുടെ ആത്മാവിനെ തൊട്ട് തന്നെയായിരുന്നു. ഒരുമിച്ചു നോമ്പ് നോല്ക്കാനോ,ഉത്സവപ്പറമ്പിൽ പോകാനോ, കേക്കുണ്ടാക്കാനോ, പുൽക്കൂട് കെട്ടാനോ ഞങ്ങൾ പരസ്പരം പൊട്ടോ തട്ടമോ നോക്കിയില്ല, കുറിയോ തൊപ്പിയോ തിരഞ്ഞില്ല, പരസ്പരം നിന്ദിച്ചില്ല, അകമഴിഞ്ഞ് ഞങ്ങൾ സ്നേഹിച്ചു, ഉള്ളറിഞ്ഞു ഞങ്ങൾ ആനന്ദിച്ചു.
ഞങ്ങളിനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കും,
ആരിനി എന്തിനൊക്കെ അരുതുകൾ കല്പിച്ചാലും ഞങ്ങളുടെ ചാലകശക്തി ഒരുമയാണ്.
ഓണാശംസകൾ
ആദില ഹുസൈൻ
Leave a Reply