ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലിസിയുടെ നിയമ പോരാട്ടം ഒടുവിൽ ഫലം കണ്ടു. അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാരുടെ കൊലയാളികൾക്ക് നിർബന്ധിത ജീവപര്യന്തം നൽകണമെന്ന ലിസിയുടെ ആവശ്യത്തിന് സർക്കാർ പിന്തുണ. 2019 ഓഗസ്റ്റിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ആൻഡ്രൂ ഹാർപ്പറുടെ ഭാര്യയാണ് ലിസി. ഇംഗ്ലണ്ടിലും വെയിൽസിലും എത്രയും വേഗം നിയമഭേദഗതി കൊണ്ടുവരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. പുതിയ നിയമം പാസാക്കിയാൽ, അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാരെ കൊലപ്പെടുത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കും. നിയമഭേദഗതിയിലൂടെ പോലീസ്, ജയിൽ ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ എന്നിവർക്ക് അധിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിസിയുടെ രണ്ടുവർഷത്തെ നിയമപോരാട്ടമാണ് ഇതോടെ ഫലം കണ്ടത്. ആവശ്യം സർക്കാർ അംഗീകരിച്ചതോടെ താൻ സന്തോഷവതിയാണെന്ന് ലിസി പ്രതികരിച്ചു. അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാർക്കെതിരായ ആക്രമണത്തിന് കഴിഞ്ഞ വർഷം ഏകദേശം 10,000 പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. നിയമഭേദഗതി അടുത്ത വർഷം ആദ്യം നിലവിൽ വന്നേക്കും.

2019 ഓഗസ്റ്റിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആൻഡ്രൂ ഹാർപ്പർ കൊലപാതകം. ക്വാഡ് ബൈക്ക് മോഷ്ടാക്കളെ പിടികൂടാൻ ചെന്ന് ഹാർപ്പറെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കിലോമീറ്ററിലേറെ കാറിന്റെ പിന്നിൽ കെട്ടിവലിച്ച ശേഷം പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് സ്ഥലം വിട്ടു. കാർ ഓടിച്ചിരുന്ന ഹെൻറി ലോംഗ് (19), കൂട്ടുകാരായ ജെസ്സി കോൾ, ആൽബർട്ട് ബോവേഴ്സ് (18) എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും പിന്നീടത് ഒഴിവാക്കി. പ്രതികളിൽ ലോങ്ങിന് 16 വർഷവും കോളിനും ബോവേഴ്‌സിനും 13 വർഷം വീതവുമാണ് തടവുശിക്ഷ ലഭിച്ചത്.