വാഹനമോടിക്കുന്നതിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്‍ വര്‍ദ്ധന. രണ്ടു വര്‍ഷം മുമ്പ് ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ നല്‍കേണ്ട പിഴ വര്‍ദ്ധിപ്പിച്ചിട്ടും ഇതിന്റെ നിരക്ക് കുറയുന്നില്ല. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ചെയ്യുകയോ വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാറുണ്ടെന്ന് 25നും 34നുമിടയില്‍ പ്രായമുള്ള 47 ശതമാനം ആളുകള്‍ സമ്മതിച്ചു. ഒരു വര്‍ഷത്തിനിടെ 7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് ആര്‍എസി വ്യക്തമാക്കുന്നു. 35നും 44നുമിടയില്‍ പ്രായമുള്ള 29 ശതമാനം പേര്‍ ഡ്രൈവിംഗിനിടെ ടെക്സ്റ്റ് മെസേജുകള്‍ അയക്കുകയോ ഇമെയില്‍ പരിശോധിക്കുകയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയോ ചെയ്യാറുണ്ട്. 10 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.

2017 മാര്‍ച്ച് മുതല്‍ ഫോണ്‍ ഡ്രൈവിംഗിന് പിടിക്കപ്പെടുന്നവര്‍ക്ക് ആറ് പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് നല്‍കി വരുന്നത്. നേരത്തേ ഇത് 100 പൗണ്ടും മൂന്ന് പോയിന്റുകളുമായിരുന്നു. പിഴ ഉയര്‍ത്തിയതോടെ കുറേയാളുകള്‍ തങ്ങളുടെ ദുശ്ശീലത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നുവെന്ന് ആര്‍എസി വക്താവ് പീറ്റ് വില്യംസ് പറഞ്ഞു. എന്നാല്‍ അത് ഏറെക്കാലം നീണ്ടില്ല. വീണ്ടും ഡ്രൈവര്‍മാര്‍ പഴയ ശീലത്തിലേക്ക് മടങ്ങിക്കൊണ്ട് സ്വയം അപകടം വിളിച്ചു വരുത്തുകയും മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുകയുമാണെന്ന് വില്യംസ് വ്യക്തമാക്കി. 1800 ഡ്രൈവര്‍മാരില്‍ നിന്ന് ആര്‍എസി ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് മുന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന് പിഴശിക്ഷ ലഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്.

ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം മൂലമുണ്ടായ അപകടങ്ങളില്‍ 2017ല്‍ 43 പേര്‍ കൊല്ലപ്പെടുകയും 135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ആവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫ്രെയ്‌സര്‍ ഡേവി പ്രതികരിച്ചത്. ഇക്കാര്യത്തിലുള്ള നിയമം കര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.