ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ പി.സി ജോര്‍ജ് തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പി.സി ജോര്‍ജിനെതിരെ നടി സജിത മഠത്തില്‍ രംഗത്തെത്തി. ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരുമെന്നും ഇനിയും അവളെ വേദനിപ്പിക്കരുതെന്നും സജിത പറയുന്നു.

സജിതയുടെ കുറിപ്പ് വായിക്കാം

എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ പ്രസ്താവനകള്‍ എന്നവള്‍ പറയുമ്പോള്‍ വേദനിക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളുടെ മനസ്സുകൂടിയാണ്. ഇരയായി നിശ്ശബ്ദമായി കരഞ്ഞു തീര്‍ക്കാനുള്ളതല്ല അവളുടെ ജീവിതം. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ഞങ്ങളവളെ കാണുന്നത്. ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും പി.സി.ജോര്‍ജ്ജ് ! അവളുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ഇനി ഞങ്ങള്‍ അനുവദിക്കില്ല. സുഹൃത്തുക്കളെ ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുത് , ഞങ്ങള്‍ കൂടെ ഉണ്ട് എന്നു പറയേണ്ട സമയമാണിത്. ടീച്ചര്‍ക്ക്, ഈ കുറിപ്പിന് ഏറെ നന്ദി!

സംഭവത്തില്‍ എഴുത്തുകാരി ശാരദക്കുട്ടിയും തന്റെ നിലപാട് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.

അത് ചിലപ്പോള്‍ അവള്‍ക്കു ഒരിക്കല്‍ നേരിട്ട പീഡാനുഭവത്തെ മുഴുവന്‍ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും.ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെണ്‍കുട്ടി, കേസ് കൊടുക്കാന്‍ തയ്യാറായപ്പോള്‍ പ്രബുദ്ധമായ കേരളസമൂഹം അവള്‍ക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു.

കോടതി ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരന്തരം ഇങ്ങനെ ചോദിക്കാന്‍, മിസ്റ്റര്‍ പി സി ജോര്‍ജ്ജ്, നിങ്ങള്‍ക്ക് അവകാശമില്ല. പക്ഷെ, നിങ്ങള്‍ക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. കാരണം ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സും ബോധവും.

പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങള്‍. തളയ്ക്കാന്‍ ആരുമില്ലാത്ത. മദയാന. തെറ്റ് ചെയ്തവര്‍ ആരായാലും, നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവള്‍ സമൂഹത്തിനു നല്‍കിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെണ്‍കുട്ടികള്‍ക്കും ഞങ്ങളെ പോലെ ഉള്ള മുതിര്‍ന്ന സ്ത്രീകള്‍ക്കും പകര്‍ന്നു തന്ന ഒരു കരുത്തുണ്ട്.അത് ഇത്രയും കാലത്തെ നിങ്ങളുടെ ‘പൊതുപ്രവര്‍ത്തന’ത്തില്‍ നിന്ന് , അതിനു അവസരം തന്നെ ജനതയോടുള്ള കടപ്പാടായി പോലും തിരിയെ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യര്‍ഥതയെ ആണ് അത് സൂചിപ്പിക്കുന്നത്. വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റര്‍ പി സി ജോര്‍ജ്.