കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് കലഹമുണ്ടാക്കി പിരിയുന്നതിനു മുമ്പ് പുനരുജ്ജീവിപ്പിച്ച കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പി.സി.ജോര്‍ജ് പുറത്ത്. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ ടിഎസ് ജോണ്‍ അറിയിച്ചു. ഇടുതപക്ഷവുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് സെക്കുലറിന് താല്‍പര്യമില്ല. എന്നിട്ടും പിസി ജോര്‍ജ്ജ് സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്നും ടിഎസ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രത്യേക ക്ഷണിതാവ് പി.സി. ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയെന്നും ഇടതുമുന്നണിയുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്നും ചെയര്‍മാന്‍ ടി.എസ്. ജോണ്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുകയും സമൂഹത്തിലെ സമുന്നതരെ വ്യക്തിഹത്യ നടത്തുകയും ചെയ്തതിനാലാണു ജോര്‍ജിനെ ഒഴിവാക്കുന്നത്. ജനുവരി 31നകം ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിനാലാണ് ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നും ടി.എസ്. ജോണ്‍ പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെന്നതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് സെക്യുലറുമായി പ്രാദേശിക സഹകരണമാകാമെന്ന ഇടതു സമീപനം അംഗീകരിക്കാനാവില്ല. യോജിക്കാവുന്ന കക്ഷികളുമായി യോജിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കും. സിപിഐഎം കേരള കോണ്‍ഗ്രസുകള്‍ക്കു യോജിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല. മറ്റൊരു പാര്‍ട്ടിയെയും കുറ്റം പറയുന്നില്ല. ബിജെപിയോടും അയിത്തമില്ല. ആരുമായി സഹകരിക്കണമെന്നതു ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സെക്യുലര്‍ പാര്‍ട്ടിയില്‍ ലയിക്കാനായി മറ്റൊരു കേരള കോണ്‍ഗ്രസ് പാര്‍ട്ടി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ടി.എസ്. ജോണ്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാര്‍ കോഴക്കേസില്‍ മാണിയുമായി ഇടഞ്ഞ പിസി ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ് സെക്യുലറില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് മാണിവിഭാഗത്തിന്റെ ആവശ്യപ്രകാരം സ്പീക്കര്‍ ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ് സെക്യുലറിനെ പുനരുജ്ജീവിപ്പിക്കുമെന്നും ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്താക്കിയ നടപടിയില്‍ ജോര്‍ജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.