ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രൊജക്ട് ഓഫീസറായ ശ്യാമ പ്രഭയെ പി.സി.ജോർജ് എംഎല്‍എ അപമാനിച്ചതായി ആക്ഷേപം. മന്ത്രി കെ.കെ. ശൈലജയെ സന്ദർശിക്കാനായി നിയമസഭയിൽ എത്തിയ ശ്യാമയോട് അപഹസിച്ച് പെരുമാറിയെന്നാണ് ആക്ഷേപം. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ വിധികർത്താവായി എത്തിയത് പിസി ജോർജായിരുന്നു. ആ പരിചയംവെച്ച് സംസാരിക്കാൻ ചെന്നപ്പോഴാണ് അപമാനം നേരിട്ടത്. തിക്താനുഭവത്തെക്കുറിച്ച് ശ്യാമ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകരടക്കം രോഷം രേഖപ്പെടുത്തി രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ട്രാൻസ്ജെൻഡർ സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്.

‘നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ..’ എന്റെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു– ശ്യാമ എഴുതുന്നു.

ശ്യാമയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂൺ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി ഇന്ന് നിയമസഭയിൽ പോകേണ്ടി വന്നിരുന്നു . ആദ്യമായാണ് നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യക്രമങ്ങൾ നേരിൽ കാണുന്നതും അനുഭവിക്കുന്നതും. ആ സന്തോഷത്തിൽ പുറത്തേക്ക് വരുന്ന അവസരത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ പി സി ജോർജിനെ കാണാനിടയായി. മാന്യമഹാജനങ്ങളേ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന അവസരത്തിൽ വിധികർത്താവായി വന്ന പിസി ജോർജിനെ വീണ്ടും കണ്ട സന്തോഷത്തിൽ സംസാരിക്കാൻ മുതിർന്നപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, “നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ”…. എൻറെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു. ഞാൻ തിരികെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ “എനിക്ക് തിരക്കാണ്…. അതാണ്… ഇതാണ്… പിന്നെ”… എന്നുപറഞ്ഞ് തടിയൂരി പോകാനുള്ള ശ്രമമാണ് നടത്തിയത്. ഒരുപക്ഷേ സുഹൃത്തുക്കൾ കൂടെയുള്ളതുകൊണ്ട് ആയിരിക്കും. എന്നാലും എന്തിനാണ് ഈ വേഷം കെട്ടൽ കാണിക്കുന്നത് എന്നുള്ളതായിരുന്നു വീണ്ടും അദ്ദേഹത്തിൻറെ മറുപടിയും മുഖത്തുള്ള ഭാവവും. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിൻറെ നിലപാടിനോട് വീക്ഷണത്തോട് കടുത്ത വിയോജിപ്പാണ് ഈ അവസരത്തിൽ പ്രകടിപ്പിക്കാനുള്ളത്. കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം വേഷം കെട്ടി നടക്കുന്നവരാണ് എന്നുള്ള ധ്വനിയാണ് ആ മാന്യൻറെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നുള്ളതിൽ അതിയായ ദുഃഖമുണ്ട്. സമൂഹത്തിൽ നടക്കുന്ന സാമാന്യം വിഷയങ്ങളെക്കുറിച്ചോ ഇത്തരം ജീവിതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ മുൻവിധിയോടുകൂടി സമീപിക്കുന്ന ഇത്തരം ജനപ്രതിനിധികളോട് പുച്ഛം മാത്രമാണ് ഈ അവസരത്തിൽ രേഖപ്പെടുത്താൻ ഉള്ളത്.

ഒരു വിഭാഗത്തിന് മുതൽക്കൂട്ടാകുന്ന പ്രതികരണമാണ് ഈ സാമാജികൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വ്യക്തി എന്താണെന്നും, ജീവിതം എന്താണെന്നും, മനുഷ്യർ അനുഭവിക്കുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകൾ എന്താണെന്നും, എത്രത്തോളം മാനസികസംഘർഷം നേരിടുന്ന വ്യക്തികളാണ് ട്രാൻസ്ജെൻഡർ സമൂഹത്തിലുള്ള വരെന്നും ഇനിയും പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.. ഇന്ന് വലിയ രീതിയിലുള്ള അപമാനമാണ് എൻറെ സ്വത്വബോധത്തിൽ ഉറച്ചു നിൽക്കുന്ന അവസരത്തിൽ എനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം നിലപാടുകളുള്ള പിസി ജോർജ് എംഎൽഎ യോട് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധി എന്നുള്ള നിലയിൽ കടുത്ത വിദ്വേഷവും പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. എന്റെ വ്യക്തിത്വത്തെ, ജൻഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്ത പി സി ജോർജ് എം എൽ എ നിങ്ങൾക്ക് ആള് തെറ്റി.

അടിയന്തരമായി സർക്കാർ ഇടപെട്ടു കൊണ്ട് ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് സാമാജികർക്ക് അവബോധം നൽകേണ്ടത് അനിവാര്യമാണ്. നിയമസഭയ്ക്കുള്ളിൽ വെച്ച് അപമാനം നേരിടേണ്ടി വന്ന സാഹചര്യത്തിൽ പൊതു നിരത്തിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? നിയമസഭയ്ക്കുള്ളിൽ വച്ച് ട്രാൻസ്ജെൻഡർ വ്യക്തിയോട് ഇത്തരത്തിൽ പെരുമാറുന്ന ഒരു ജനപ്രതിനിധിക്ക്, തൻറെ സ്വന്തം മണ്ഡലത്തിൽ ഉള്ള ട്രാൻസ്ജൻഡർ സമൂഹത്തിനോടുള്ള പേരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഊഹിക്കാമല്ലോ… നിയമപരമായി നാം അർഹിക്കുന്ന അവകാശങ്ങൾ പോലും ഒരുപക്ഷേ നമുക്ക് ലഭിക്കുകയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം എടുത്തിരിക്കുന്ന പ്രതിജ്ഞക്ക് വിപരീതമായി, ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്.ഇത് ഗൗരവപൂർവ്വം കാണേണ്ട ഒരു വസ്തുതയാണ്