ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി.
ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി. സി. ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു.
വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശനത്തെ എതിർത്ത് പി.സി.ജോർജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുമായി സഹകരിക്കാൻ ജോർജിന്‍റെ ജനപക്ഷം പാർട്ടി തീരുമാനിച്ചിരുന്നു.
ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോർജ് അടുക്കുന്നു എന്ന പ്രചാരണങ്ങൾക്കിടയിലാണ് നിയമസഭയിൽ ബിജെപിക്കൊപ്പം നിൽക്കാനുള്ള ജോർജിന്‍റെ തീരുമാനം.
Leave a Reply