സ്വന്തം ലേഖകൻ

തേംസ് വാലി : പിസി ആൻഡ്രൂ ഹാർപ്പർ കൊലപാതകത്തിൽ മൂന്നു കൗമാരക്കാർ കുറ്റക്കാരാണെന്ന് കോടതി. ജെസ്സി കോൾ, ഹെൻ‌റി ലോംഗ്, ആൽബർട്ട് ബോവേഴ്സ് (എൽ‌ആർ) എന്നിവർക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച ഓൾഡ്‌ ബെയ്‌ലിയിൽ പ്രഖ്യാപിക്കും. 2019 ഓഗസ്റ്റ് 19നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ കൊലപാതകം. ഒരു ക്വാഡ് ബൈക്ക് മോഷണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ഹാർപറും സഹപ്രവർത്തകനും അന്വേഷിക്കാൻ ഇറങ്ങി പുറപ്പെട്ടത്. ഷിഫ്റ്റ്‌ അവസാനിച്ച് നാല് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. സംഭവസ്ഥലത്തെത്തിയ ഹാർപ്പറെ പ്രതികൾ കാറിന് പിന്നിൽ കയറിൽ കെട്ടിയിട്ട് ബെർക്ക്‌ഷെയറിലെ പാതയിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ക്രൂരവും വിവേകശൂന്യവുമായ കൊലപാതകമാണ് ഇതെന്നും ജീവിതകാലം മുഴുവൻ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും ഹാർപ്പറിന്റെ വിധവ ലിസി വെളിപ്പെടുത്തി. കോടതിയുടെ വിധിയിൽ താൻ വളരെയധികം നിരാശയാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷമായിരുന്നു ഹാർപ്പർ കൊല്ലപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസ് കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ നിന്നുള്ള വീഡിയോ കോടതിയിൽ കാണിക്കുകയുണ്ടായി. സഹപ്രവർത്തകനായ ആൻഡ്രൂ ഷാ കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാറിന്റെ ഡ്രൈവർ ഹെൻറി ലോംഗും (19) യാത്രക്കാരായ ആൽബർട്ട് ബോവേഴ്‌സും ജെസ്സി കോളും (18) കൊലപാതകം നിഷേധിച്ചിരുന്നു. പ്രതികൾ ക്വാഡ് ബൈക്ക് മോഷ്ടിച്ച കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ വിസ്താരത്തിലാണ് മൂവരും കൊലപാതകത്തിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. “ആൻഡ്രൂവിന്റെ ജീവിതം അപഹരിക്കപ്പെട്ട രീതി ക്രൂരവും വിവരണാതീതവുമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് നൽകിയ വിധിയിൽ ഞാൻ നിരാശയാണ്.” ലിസി കൂട്ടിച്ചേർത്തു.

കോടതിക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത തേംസ് വാലി പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റുവർട്ട് ബ്ലെയ്ക്ക്, പിസി ഹാർപറിന്റെ മരണ രാത്രി “ഞങ്ങൾ ഒരിക്കലും മറക്കാത്ത ഒരു രാത്രിയാണ്” എന്ന് പറഞ്ഞു. “ഒരു കുടുംബത്തിനും ഒരിക്കലും നേരിടേണ്ടിവരാത്ത ഒരു കാര്യത്തിലൂടെയാണ് ഹാർപ്പറിന്റെ കുടുംബം കടന്നുപോയത്. പക്ഷേ അവർ ഓരോ ഘട്ടത്തിലും അവിശ്വസനീയമായ അന്തസ്സും ധൈര്യവും പ്രകടിപ്പിച്ചു.” തേംസ് വാലി പോലീസ് ചീഫ് കോൺസ്റ്റബിൾ ജോൺ കാമ്പ്‌ബെൽ പറഞ്ഞു. പ്രണയിച്ചു കൊതിതീരും മുമ്പേ ഭൂമിയിൽ നിന്ന് അടർത്തിമാറ്റപെട്ട ഹാർപ്പറിന് മരണശേഷമെങ്കിലും ഉചിതമായ നീതി ലഭിക്കണമെന്ന ആവശ്യം ശക്തമാണ്.