എന്‍ഡിഎ ഘടക കക്ഷിയായിരുന്ന പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മുന്നണി വിട്ട് യുഡിഎഫിന് ഒപ്പം ചേരാനുള്ള തീരുമാനത്തിലാണ്. ഞായറാഴ്ച്ച നടക്കുന്ന യോഗത്തില്‍ ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുക. ഈ സാഹചര്യത്തിൽ കെ.എം മാണിയുമായി അകന്നതും എൻഡിഎയിൽ എത്തിയതും എൽഡിഎഫ് വിടാൻ ഉണ്ടായ സാഹചര്യവും ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ കേന്ദ്രസഹമന്ത്രി കൂടിയായ പി.സി തോമസ്. ജോസ് കെ മാണിക്കും കെ.എം മാണിക്കും ഒരു ഘട്ടത്തിൽ എൻഡിഎയിൽ വരാൻ താൽപര്യമുണ്ടായിരുന്നുവെന്നും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും പി.സി തോമസ് പറയുന്നു.

പ്രമുഖ മാധ്യമത്തിന് പിസി തോമസ് നൽകിയ അഭിമുഖത്തിൽ നിന്നും

കേരളത്തില്‍ പ്രതീക്ഷിച്ചതുപോലെയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. താഴെത്തട്ടിലേക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല. ജില്ല തലങ്ങളില്‍ ഉണ്ടെങ്കിലും വാര്‍ഡ് തലങ്ങളില്‍ എന്‍ഡിഎ സംവിധാനം കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. പലതവണ ഇക്കാര്യം ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതാണെങ്കിലും അനുകൂലമായി ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഓരോ കക്ഷിയെയും മുന്നണിയില്‍ ചേര്‍ത്തിരിക്കുന്നത് ഓരോരോ ഉദ്ദേശങ്ങള്‍ വച്ചാണ്. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. അതിനു വേണ്ടി പലതും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. പക്ഷേ, അതിനാവശ്യമായ സാഹചര്യം ഉണ്ടാക്കാനോ, ഞങ്ങള്‍ക്ക് വേണ്ട പരിഗണന തരാനോ നേതൃത്വം തയ്യാറായിട്ടില്ല. മുന്നണിയിലുള്ള എല്ലാ കക്ഷികള്‍ക്കും എന്തെങ്കിലും സ്ഥാനങ്ങള്‍ കൊടുക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഒന്നും നടന്നില്ല.അമിത് ഷാ നേരിട്ട് തന്ന വാഗ്ദാനങ്ങള്‍ പോലും ഞങ്ങളുടെ കാര്യത്തില്‍ പാലിച്ചില്ല. എന്‍ഡിഎ കേരളഘടകത്തിന്റെ കണ്‍വീനര്‍ ആക്കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു. അന്ന് ബിഡിജെഎസ് ഇല്ല. പക്ഷേ, അവര്‍ വന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനം അവര്‍ക്ക് കൊടുത്തു. അതിലൊന്നും ഒരു പരാതിയും ഞങ്ങള്‍ പറഞ്ഞില്ല. പക്ഷേ, അമിത് ഷാ തന്നെ നല്‍കിയ വാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ പാര്‍ട്ടിക്ക് വലിയ നിരാശയും പ്രതിഷേധവും തോന്നി.

 കേരളത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണോ

ഇക്കാര്യങ്ങളൊക്കെ ഇവിടുത്തെ ബിജെപി ഘടകത്തിന് അറിയാവുന്ന കാര്യമാണ്. പക്ഷേ, അവരും നിരാശരാണ്. ഞങ്ങളെ പോലും പരിഗണിക്കുന്നില്ലെന്ന വേദന കേരളത്തിലെ ബിജെപിക്കാര്‍ എന്നോട് പങ്കുവച്ചിട്ടുണ്ട്. എന്‍ഡിഎ ദേശീയ സമിതിയില്‍ അംഗമാണ് ഞാന്‍. അവിടെ ഞങ്ങളുടെ കാര്യം കൂടി പറയണമെന്ന് ഇവിടുത്തെ ബിജെപി നേതാക്കന്മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ ബിജെപി ഘടകത്തോടും ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നത് വസ്തുതയാണ്. കേരളത്തെക്കൊണ്ട് പ്രയോജനമില്ലെന്നാണ് അവര്‍ പറയുന്നത്. കേരളത്തില്‍ നിന്നും ഒരു പാര്‍ലമെന്റ് അംഗത്തെയെങ്കിലുമാണ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ അവര്‍ക്ക് ഇപ്പോഴില്ല. നിലവിലെ സാഹചര്യത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ട് കേരളത്തെ അവര്‍ ഏതാണ്ട് തഴഞ്ഞിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ അങ്ങനെയല്ല. വളരെ ശ്രദ്ധിക്കുന്നുണ്ട്, പണം മുടക്കുന്നുണ്ട്, അവര്‍ സീറ്റും പിടിക്കും.

ഇവിടെ ബിജെപി വളരുന്നുണ്ട്. അവര്‍ക്കൊരു അടിത്തറ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം കാര്യമില്ല, ന്യൂനപക്ഷ വോട്ടുകള്‍ കിട്ടണം. ബിജെപി വോട്ട് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയം സാധ്യമല്ല. അതിനുവേണ്ടി പലതും ചെയ്തു നോക്കുന്നുണ്ട്. അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതൊക്കെ അതിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ കേരളത്തിലെ ബിജെപിയില്‍ വലിയതോതില്‍ അമര്‍ഷമുണ്ട്. തുടക്കം മുതല്‍ പണിയെടുത്തവര്‍ക്ക് ഒന്നു കൊടുക്കാതെ ഇന്നലെ വന്നവര്‍ക്ക് സ്ഥാനം കൊടുത്തു എന്ന നിരാശയും പ്രതിഷേധവും പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെും പോലുള്ളവരെ മാറ്റി നിര്‍ത്തുന്നത് ശരിയാണോ? അവരൊക്കെ പണിയെടുത്തിട്ടല്ലേ നമുക്ക് ഇന്ന് ഭരfക്കാന്‍ പറ്റുന്നത് എന്ന സി.കെ പത്മനാഭന്റെ പ്രസ്താവന, അബ്ദുള്ളക്കുട്ടി വിഷയത്തില്‍ ദേശീയ നേതൃത്വത്തോട് നടത്തിയ ബുദ്ധിപരമായ വിമര്‍ശനമായിരുന്നു.

ബിജെപിക്കൊപ്പം പോയതില്‍ തെറ്റുപറ്റിയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ

ശരിക്കും പറഞ്ഞാല്‍, ഞങ്ങള്‍ക്ക് പറ്റിയൊരു മണ്ടത്തരമായിരുന്നു അത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കാര്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ജയിക്കാനുള്ള സാധ്യതയുണ്ടെന്നും നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും പറഞ്ഞപ്പോള്‍, ആലോചിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍, അവരുമായി സംസാരിക്കാന്‍ പോയ ഞങ്ങളുടെ നേതാക്കള്‍ കമിറ്റ്‌മെന്റ് നടത്തി. അത് മണ്ടത്തരമായി പോയി. കാരണം, കൂടെ നില്‍ക്കണമെങ്കില്‍ അതിനുള്ള ചര്‍ച്ച നടത്തേണ്ടിയിരുന്നത് ബിജെപി ദേശീയ നേതൃത്വവുമായിട്ടായിരുന്നു. ആ സമയത്ത് ബിഡിജെഎസ് ഉണ്ടായിട്ടില്ല. ഇവിടെയവര്‍ക്ക് ജയിക്കണമെങ്കില്‍ കൂടെ നില്‍ക്കാന്‍ ആരെങ്കിലും വേണം. അതുകൊണ്ട് തന്നെ നമ്മള്‍ മുന്നോട്ട് വയ്ക്കുന്ന ഡിമാന്‍ഡുകള്‍ അംഗീകരിക്കും. അതിനുള്ള സാഹചര്യം ഇല്ലാതാക്കി കൊണ്ടാണ് സംസ്ഥാന ഘടകവുമായി കമ്മിറ്റ് ചെയ്യുന്നത്. വാക്ക് കൊടുത്തിട്ട് പിന്മാറുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത് അവര്‍ക്കൊപ്പം പോവുകയായിരുന്നു.

ഇനി യുഡിഎഫിലേക്കോ അതും പിജെ ജോസേഫിൽ ലയിക്കുമോ

ജോസ് കെ മാണി, ജോസഫ് പ്രശ്‌നത്തിനു പിന്നാലെ യുഡിഎഫില്‍ നിന്നും ഞങ്ങലെ പലരും ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിയിലും യോജിപ്പുണ്ടായി. പക്ഷേ, ഇതുവരെ യുഡിഎഫുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. എങ്കിലും ഞങ്ങള്‍ വരുന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെ സ്വാഗതം ചെയ്യുന്നുണ്ട്.

ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനം. കേരള കോണ്‍ഗ്‌സ് പാര്‍ട്ടികളുടെ ഐക്യത്തിനുവേണ്ടി എന്നും പരിശ്രമിക്കുന്നൊരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ പി ജെ ജോസഫിന് ഒപ്പം നില്‍ക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ ജോസഫിന് അതിന് സാധ്യമല്ല. ജോസ് കെ മാണിയുമായി നടക്കുന്ന ഫൈറ്റ് ആണ് പ്രശ്‌നം. ഞങ്ങളുടെ പാര്‍ട്ടിയുടെ പേരാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് പോയി ലയിക്കാന്‍ ഞങ്ങള്‍ സാധിക്കില്ല. ജോസഫിന് കേരള കോണ്‍ഗ്രസിലേക്ക് ലയിക്കാനും സാധിക്കില്ല. അങ്ങനെ ചെയ്താല്‍ ജോസ് കെ മാണിക്ക് പ്രയോജനം ചെയ്യും. കേരള കോണ്‍ഗ്രസ് എം ആരുടെതാണ് എന്നതാണല്ലോ അവര്‍ക്കിടയിലെ തര്‍ക്കം. ജോസഫ് ഞങ്ങളിലേക്ക് ലയിച്ചാല്‍ പിന്നെ ജോസ് കെ മാണിക്കാണല്ലോ കേരള കോണ്‍ഗ്രസ് എം. ഇതറിയാവുന്നതുകൊണ്ട്, കേസില്‍ ഒരു തീരുമാനം വരുന്നതുവരെ ഞങ്ങളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് തത്കാലം തയ്യാറാകില്ല.

ഐ എഫ് ഡി പി രൂപീകരിച്ചതിന്റെ സാഹചര്യം വ്യത്യാസപ്പെട്ടപ്പോള്‍ അതില്‍ തന്നെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു വന്നു. അന്ന് സ്‌കറിയ തോമസ് ആണ് പി ജെ ജോസഫിനൊപ്പം ചേരാമെന്നു പറയുന്നത്. എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. എന്‍ഡിഎ മുന്നണിയില്‍ നിന്നാണ് മൂവാറ്റുപുഴയില്‍ അഭിമാന വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ആ മുന്നണി വിട്ടു പോകുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു എനിക്ക്. ജോസഫിനൊപ്പം ചേരാമെന്നു സ്‌കറിയ പറയുകയും ചെയ്ത സാഹചര്യത്തില്‍ ഞാന്‍ മുന്നോട്ടുവച്ച ഐഡിയയായിരുന്നു എല്‍ കെ അദ്വാനിയെ കണ്ട് സംസാരിച്ച്, അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന്. അദ്വാനി അന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. മുന്നണി വിടരുതെന്ന് അദ്ദേഹം പറയും എന്നു കരുതിയിടത്ത് അദ്വാനി എന്നെ ഞെട്ടിച്ചു. ഐഫ്ഡിപിയുമായി മുന്നോട്ടു പോകുന്നതില്‍ ഇനി കാര്യമില്ലെന്നും കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാനും അദ്വാനി പറഞ്ഞപ്പോള്‍ ഞാനും സ്‌കറിയ തോമസും അത്ഭുതപ്പെട്ടുപോയി. കേരളത്തില്‍ കേരള കോണ്‍ഗ്രസിന് ഒരു സ്ഥാനമുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ വലിയ പാര്‍ട്ടി നിങ്ങളാണ്. അതു കഴിഞ്ഞേ ബിജെപി വരുന്നുള്ളൂ. ജയിക്കുന്ന പാര്‍ട്ടി നിങ്ങളാണ്. പി ജെ ജോസഫ് വലിയ കുഴപ്പക്കാരനല്ലെന്നാണ് കേട്ടത്. നിങ്ങള്‍ക്ക് വിരോധം കെ എം മാണിയോടല്ലേ, ജോസഫിനോടില്ലല്ലോ, അതുകൊംണ്ട് അദ്ദേഹത്തിനൊപ്പം കൂടൂ എന്നാണ് അദ്വാനി പറഞ്ഞത്. അങ്ങനെയാണ് ജോസഫിനൊപ്പം ചേരുന്നത്. അന്ന് അദ്വാനി ഒരു കാര്യം കൂടി പറഞ്ഞിരുന്നു; കേരള കോണ്‍ഗ്രസ് വളര്‍ന്നാല്‍ ഭാവിയില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. കേരളത്തില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ വേറെ ആരെങ്കിലും കൂടെ വേണം. സിപിഎമ്മുമായോ കോണ്‍ഗ്രസുമായോ മുസ്ലിം ലീഗുമായോ അത് സാധ്യമാകില്ല, കേരള കോണ്‍ഗ്രസുമായി മാത്രമാണ് ഞങ്ങള്‍ക്ക് കൂട്ടുചേരാന്‍ പറ്റുന്നത്. അതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് ശക്തപ്പെടുന്നത് ബിജെപിക്ക് ഗുണമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാണിയെ എന്‍ഡിഎയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നല്ലോ, അതെന്തുകൊണ്ടാണ് പരാജയപ്പെട്ടത്

ഏഴെട്ട് എട്ടു മാസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ വച്ച് ജോസിനെ കണ്ടു ഞാന്‍ സംസാരിച്ചിരുന്നു. എന്‍ഡിഎയിലേക്ക് വരണം. നിങ്ങള്‍ ഇപ്പോള്‍ എംപിയാണ്, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ വഴി നോക്കുന്നതുകൊണ്ട് ഉറപ്പായും മന്ത്രിസ്ഥാനം കിട്ടും. സമ്മതമാണെങ്കില്‍ ബിജെപി നേതൃത്വത്തോട് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. മാണി സാറിനോട് സംസാരിക്കാതെ ഒന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു ജോസിന്റെ മറുപടി. ആലോചിച്ച് തീരുമാനം പറയാന്‍ ഞാന്‍ പറഞ്ഞു. പിറ്റേദിവസം ജോസ് വന്നത് സന്തോഷത്തോടെയായിരുന്നു. അങ്ങനെയൊരു തീരുമാനം ആലോചിക്കാമെന്ന് മാണി സാര്‍ പറഞ്ഞതായി ജോസ് പറഞ്ഞു. ബിജെപി നേതൃത്വത്തോട് സംസാരിക്കാമെന്നും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ, പിന്നീടവര്‍ അതില്‍ നിന്നും പിന്മാറുകയാണുണ്ടായത്. അതിന്റെ കാരണം എനിക്കറിയില്ല.

യുഡിഎഫില്‍ പ്രശ്‌നമുണ്ടായതിനു പിന്നാലെയും ഞാന്‍ ജോസിനെ വിളിച്ചിരുന്നു. ഞങ്ങള്‍ സെക്കന്റ് കസിന്‍സ് കൂടിയാണ്. ഒരു സഹോദരന്‍ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും എല്‍ഡിഎഫിലേക്ക് പോകുന്നത് മണ്ടത്തരമായിരിക്കും, അന്ന് പറഞ്ഞ മന്ത്രിസ്ഥാനം ഇപ്പോഴും ഉറപ്പാണെന്നും ഞാന്‍ പറഞ്ഞു. മറ്റുള്ളവര്‍ സമ്മതിക്കില്ലെന്നായിരുന്നു ജോസിന്റെ മറുപടി. ഞങ്ങള്‍ തമ്മില്‍ നല്ല അകല്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ഈ സംസാരങ്ങളും നടന്നത്.

ഞാന്‍ അഞ്ചാം തവണയും എംപിയായി ജയിച്ച് നില്‍ക്കുന്ന സമയത്താണ് ജോസ് കെ മാണി രാഷ്ട്രീയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ ഉണ്ടാകുന്നത്. അദ്ദേഹം ആ സമയത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ജോസ് വരുന്നതില്‍ പി സി തോമസിന് ആശങ്ക എന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടാവുകയും അത് മാണി സാറിന്റെ അടുക്കല്‍ എത്തുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞപ്പോള്‍ നേരിട്ടു പോയി മാണി സാറിനെ കണ്ടു. ജോസ് എന്റെ അനിയന്‍ ആണെന്നും അവന്‍ രാഷ്ട്രീയത്തില്‍ വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും വേണമെങ്കില്‍ എന്റെ പാര്‍ലമെന്റ് സീറ്റ് ജോസിനു വേണ്ടി മാറിക്കൊടുക്കാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ, മാണി സാര്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിലാണ് സംസാരിച്ചത്. പക്ഷേ, കുറച്ച് കഴിഞ്ഞ് വീണ്ടും ഇതേ കാര്യം ചര്‍ച്ചയായി. വീണ്ടും മാണി സാറിനെ ചെന്നു കണ്ടു. ജോസ് രാഷ്ട്രീയത്തിലേക്ക് വരുന്നത് മണ്ടത്തരമാണെന്നു പറഞ്ഞ മാണി സാര്‍, അന്ന് പറഞ്ഞത് അവന് അങ്ങനെയൊരു താത്പര്യമുണ്ട്, അതുകൊണ്ട് താന്‍ എന്തിനാ എതിര്‍ക്കുന്നത് എന്നായിരുന്നു. ജോസ് വരുന്നതുകൊണ്ട് പി സി തോമസിന് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നു കൂടി മാണി സാര്‍ എന്നോട് പറഞ്ഞിരുന്നു.

തോമസ് ചാഴികാടന്‍ ആദ്യ തവണ ഏറ്റുമാനൂരില്‍ മത്സരിക്കുമ്പോള്‍ എനിക്കായിരുന്നു മണ്ഡലത്തിന്റെ ചുമതല. നന്നായി പരിശ്രമിച്ചു. ചാഴികാടന്‍ ജയിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധമുണ്ട്. അടുത്ത തവണയും ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ട് ചാഴികാടന്‍ മണ്ഡലം നിലനിര്‍ത്തി. അതു കഴിഞ്ഞുള്ള ഇലക്ഷനു മുമ്പായി, ഒരു ദിവസം ചാഴികാടന്‍ എന്നെ വിളിച്ചു, ഇത്തവണ ഇരുപതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം നേടി ജയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. പക്ഷേ, എന്നെ ഇവിടെ നിന്നും മാറ്റാനാണ് തീരുമാനം എന്നു ചാഴികാടന്‍ വലിയ സങ്കടത്തോടെ പറഞ്ഞു. കടുത്തുരുത്തിയില്‍ നിന്നാല്‍ മതിയെന്നാണ് പറയുന്നതെന്നും അത് ഉറച്ച മണ്ഡലമാണെങ്കിലും നമ്മുടെ പാര്‍ട്ടിയിലെ രണ്ടു പേര്‍ അവിടെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്നാല്‍ കുഴയില്‍ ചാടുന്നതിനു തുല്യമായിരിക്കും. അതുകൊണ്ട് ഏറ്റുമാനൂര്‍ തന്നെ മത്സരിപ്പിക്കണം, അല്ലെങ്കില്‍ രാഷ്ട്രീയം വിട്ട് പഴയ ഉദ്യോഗസ്ഥത്തിലേക്ക് തന്നെ തിരിച്ചു പോയ്‌ക്കോളാം എന്നൊക്കെ ചാഴികാടന്‍ കരഞ്ഞു പറയുകയാണ്. എനിക്കതൊക്ക കേട്ടപ്പോള്‍ അത്ഭുതം തോന്നി. ആരാണ് സീറ്റ് മാറ്റത്തിന്റെ കാര്യം പറഞ്ഞതെന്നു ചോദിച്ചപ്പോള്‍, അപ്പോഴത്തെ ചെയര്‍മാനായിരുന്നു സി എഫ് തോമസ് സാര്‍ ആണെന്നു പറഞ്ഞു. ഞാന്‍ സി എഫ് സാറിനെ വിളിച്ചു. അങ്ങനെയൊരു തീരുമാനം ഉണ്ടെന്നും പക്ഷേ, അത് തന്റെ തീരുമാനമല്ല, മാണി സാറിന്റെ തീരുമാനം ആണന്നുമായിരുന്നു സാര്‍ പറഞ്ഞത്. ഞാന്‍ മാണി സാറിനെ പലതവണ വിളിച്ചിട്ടും സംസാരിക്കാന്‍ പറ്റിയില്ല. തിരിച്ച് ഞാന്‍ സി എഫ് സാറിനെ തന്നെ വിളിച്ചു. ചാഴികാടനെ മാറ്റരുതെന്നും അങ്ങനെയൊരു വൃത്തികേട് കാണിച്ചാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്ന് തുറന്നു പറഞ്ഞു. സത്യത്തില്‍ ചാഴികാടനെ എന്തിനു മാറ്റുന്നുവെന്നതിനെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. എന്തായാലും ഏറ്റുമാനൂരില്‍ നിന്നും ചാഴികാടനെ മാറ്റേണ്ടെന്ന തീരുമാനം പാര്‍ട്ടിയില്‍ വന്നു. പക്ഷേ, ആ തീരുമാനം എന്നോടുള്ള എതിര്‍പ്പ് വ്യക്തമാക്കി കൊണ്ടായിരുന്നു മാണിസാര്‍ എടുത്തത്. കാരണം, ജോസിനുവേണ്ടി മാണി സാര്‍ കണ്ടു വച്ച സീറ്റ് ആയിരുന്നു ഏറ്റുമാനൂര്‍.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിന് കാരണം

ഞാന്‍ അന്ന് എംപിയാണ്. ഒരു ദിവസം പാര്‍ലമെന്റ് കഴിഞ്ഞ് ഇവിടെ തിരിച്ചെത്തിയപ്പോള്‍, ഗസ്റ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കാണേണ്ടി വന്നു. അന്ന് മാണി സാറിനെതിരേ ഇടമലയാര്‍ കേസ് ആരോപണങ്ങള്‍ നില്‍ക്കുന്ന സമയാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായി. മാണി സാറിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ഒരിക്കലും തെറ്റ് ചെയ്യില്ലെന്നുമായിരുന്നു എന്റെ മറുപടി. പക്ഷേ, ഞാന്‍ പത്രക്കാരുടെ മുന്നില്‍ മാണി സാറിനെ വേണ്ട രീതിയില്‍ പ്രതിരോധിച്ചില്ലെന്ന എന്ന കുറ്റം കൂടി ചേര്‍ത്ത് ഒറ്റ ദിവസം കൊണ്ട് എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു വാക്ക് പോലും എന്നോട് ചോദിക്കുകയോ, പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യാതെ കോവളത്ത് വച്ചൊരു യോഗം ചേര്‍ന്ന് പുറത്താക്കുകയായിരുന്നു. എം പി സ്ഥാനവും രാജിവച്ച് വക്കീല്‍ പണിയിലേക്ക് തിരിച്ചുപോകാമെന്നു ഞാനും തീരുമാനിച്ചതാണ്. പക്ഷേ, പാലായില്‍ എനിക്കെതിരെ വലിയ രീതിയില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയതോടെ എനിക്ക് തിരിച്ച് പ്രതിരിക്കേണ്ടി വന്നു. ഞാന്‍ മത്സരിച്ചിരുന്ന മൂവാറ്റുപുഴ മണ്ഡലം തന്നെ അവര്‍ ഇല്ലാക്കി കളഞ്ഞു.

സ്‌കറിയ തോമസ് എങ്ങനെ എതിരാളിയാകുന്നത്

പിണറായി വിജയനും സ്‌കറിയ തോമസും തമ്മില്‍ വലിയ ബന്ധമുണ്ട്. ഞങ്ങള്‍ എന്‍ഡിഎയില്‍ നില്‍ക്കുമ്പോഴും സ്‌കറിയ പിണറായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പി ജെ ജോസഫ് ഇടതു മുന്നണിയില്‍ നിന്നുപോയപ്പോഴും ഞങ്ങള്‍ അവിടെ തന്നെ നിന്നു. പക്ഷേ, അതിനുശേഷം സ്‌കറിയ തോമസ് എനിക്കെതിരെ പണികള്‍ തുടങ്ങി. സാധാരണ എല്‍ഡിഎഫ് യോഗത്തിന് ഞാനും സ്‌കറിയയും ജോര്‍ജ് സെബാസ്റ്റ്യനുമാണ് പോകുന്നത്. ഒരു യോഗത്തിന് ഞാനും ജോര്‍ജ് സെബാസ്റ്റ്യനും ചെല്ലുമ്പോള്‍ ഞങ്ങള്‍ക്കുള്ള മൂന്ന് സീറ്റില്‍ സ്‌കറിയ തോമസും മറ്റു രണ്ടുപേരും ഇരിക്കുന്നു. അന്ന് കണ്‍വീനര്‍ വൈക്കം വിശ്വനാണ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സീറ്റ് എവിടെയെന്നു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, നിങ്ങളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണല്ലോ ഇരിക്കുന്നതെന്നായിരുന്നു മറുപടി. പാര്‍ട്ടി ചെയര്‍മാന്‍ ഞാന്‍ ആണന്നും എനിക്ക് ഇരിക്കാന്‍ സീറ്റില്ലേ എന്നു തിരിച്ചു ചോദിപ്പോള്‍, പിണറായി വിജയന്‍ ഇടപെട്ടു. ‘നിങ്ങള്‍ അങ്ങനെ പറഞ്ഞാലും ഞങ്ങളതിന് തയ്യാറല്ല, നിങ്ങള്‍ എന്താ വിചാരിച്ചത്, നിങ്ങളെ കയറ്റി ഇരുത്തുമെന്നോ’ എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. അതാണോ അങ്ങയുടെ തീരുമാനം എന്നു ഞാന്‍ ചോദിച്ചു. അങ്ങനെ വേണമെങ്കില്‍ കരുതിക്കോ എന്നു മറുപടി. തീരുമാനം ആണെങ്കില്‍ ശരി, പക്ഷേ, ഞങ്ങള്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ് എല്‍ഡിഎഫില്‍ ഉള്ളത്, സ്‌കറിയ തോമസ് അല്ല, ഈ മൂന്നു പേരെ ഇരുത്തിക്കൊണ്ട് എല്‍ഡിഎഫ് കൂടുമോ? എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഞങ്ങള്‍ കൂടുകയോ എന്തു വേണമെങ്കിലും ചെയ്യും. നിങ്ങള്‍ എന്തുവേണമെന്നുവച്ചാല്‍ ചെയ്‌തോ എന്നു പറഞ്ഞ് വീണ്ടും ഞങ്ങളെ അധിക്ഷേപിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. അതോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നു. സിപിഐ ഇക്കാര്യം അറിയുകയും എല്‍ഡിഎഫില്‍ ചോദിക്കുകയും ചെയ്തു. പിണറായി ആ വിഷയം പിന്നീട് സംസാരിക്കാനേ തയ്യാറായില്ല.

മുന്നണിയില്‍ നിന്നും പുറത്താക്കിയതല്ല. ഇത്രയും അപമാനിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായത്. യുഡിഎഫിനൊപ്പം നില്‍ക്കാനായിരുന്നു എല്ലാവര്‍ക്കും ആഗ്രഹം. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഞങ്ങള്‍ വരുന്നത് സന്തോഷമുള്ള കാര്യമായിരുന്നുവെങ്കിലും മാണി സാറിന്റെ കാര്യത്തിലാണ് സംശയം പറഞ്ഞത്. അത് സത്യമായിരുന്നു. ഞങ്ങള്‍ വരുന്നതിന് മാണി സാര്‍ സമ്മതിച്ചില്ല. പിന്നീട് കുറച്ചു നാള്‍ ഒറ്റയ്ക്ക് നിന്നു. അതു കഴിഞ്ഞാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയിലേക്ക് പോകുന്നത്.

യുഡിഎഫില്‍ എത്തിയാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുമോ 

മത്സരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അതൊക്കെ പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്.