തിരുവനന്തപുരം: കെഎം മാണിക്കും പി.ജെ ജോസഫിനും ശേഷം കേരള കോൺഗ്രസിൽ വ്യക്തിപ്രഭാവവും ജനപിന്തുണയും ഉള്ള നേതാവായി വളർന്നു വന്ന നേതാവാണ് പി. സി തോമസ് . മാണി തൻറെ മകനെ വളർത്തിക്കൊണ്ടുവരാനായിട്ട് പി സി തോമസിനെ ബോധപൂർവം ഒഴിവാക്കുകയും ഒതുക്കുകയും ആയിരുന്നു എന്നുള്ള പരാതി വ്യാപകമാണ്. പിസി തോമസ് മാണി വിഭാഗത്തോട് കൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് നേരിടുന്ന നേതൃത്വ പ്രതിസന്ധി ഉണ്ടാവുകയില്ലായിരുന്നെന്ന് അണികളുടെ ഇടയിൽ സംസാരം വ്യാപകമാണ് . ഈ സാഹചര്യത്തിലാണ് പി. സി തോമസിൻറെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ്. ജോസ് കെ മാണി മുന്നണി വിട്ടതിന് പിന്നാലെയാണ് യുഡിഎഫ് നേതൃത്വം പി.സി തോമസുമായി ചർച്ചകൾ ആരംഭിച്ചത്.
കേരളാ കോണ്‍ഗ്രസുമായി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ്. യോഗത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ യു.ഡി.എഫിലേക്ക് പോകുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് നാളെ ചേരും. യു.ഡി.എഫിലേക്ക് ചേരാന്‍ ഔദ്യോഗികമായി കത്തുകളൊന്നും നല്‍കിയിട്ടില്ലെന്നും പി.സി. തോമസ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. കേന്ദ്ര നേതൃത്വം 2018ല്‍ ഉറപ്പുനല്‍കിയ റബര്‍ ബോര്‍ഡിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാര്യങ്ങള്‍ തീരുമാനമാകാതെ നീണ്ടുപോകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയുണ്ട്. കാര്യങ്ങള്‍ ബി.ജെ.പി. സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. എന്‍.ഡി.എയ്ക്കുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നറിയാവുന്ന യു.ഡി.എഫിലെ പല ആളുകളും പാര്‍ട്ടിയിലെ ചിലരുമായി സംസാരിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിനൊപ്പം വരാനാണെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല യു.ഡി.എഫ്. യോഗത്തില്‍ പറഞ്ഞത്.
ഒരു ചെയര്‍മാന്‍ സ്ഥാനവും അഞ്ച് ബോര്‍ഡുകളുമാണ് ബി.ജെ.പി. ഉറപ്പ് നല്‍കിയിരുന്നത്. ഈ ആറ് സ്ഥാനങ്ങളും ലഭിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2018ലാണ് ഇവ നല്‍കാമെന്ന് ബി.ജെ.പി. അംഗീകരിച്ചത്. ഇത്ര നാള്‍ കഴിഞ്ഞിട്ടും അതില്‍ തീരുമാനമാകാത്തതാണ് പാര്‍ട്ടിയില്‍ എതിര്‍പ്പുയരാന്‍ കാരണമായത്.
കേരളത്തില്‍ എന്‍.ഡി.എയ്ക്ക് കാര്യമായൊരു സംവിധാനമില്ലെന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. എന്‍.ഡി.എ. നേതൃത്വവുമായി പരാതികളൊന്നുമില്ല. ഉറപ്പുപറഞ്ഞ സ്ഥാനങ്ങള്‍ പോലും ലഭിക്കാതെ മുന്നണിയില്‍ നില്‍ക്കുന്നതെങ്ങനെയാണ്. അക്കാര്യം ഞങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫിലേക്ക് പോകണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. അതിനാല്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് കൂടി ഒരു തീരുമാനത്തിലെത്തും. ഒരു ഘടകകക്ഷിയെന്ന നിലയില്‍ യു.ഡി.എഫിലേക്ക് പോണമെന്നാണ് അഭിപ്രായമുയരുന്നത്. അങ്ങനെ അല്ലാതെ പോകേണ്ടെന്നും പറയുന്നവരുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പി.സി. തോമസ് പറഞ്ഞു.
Leave a Reply