പി. ഡി. ബൗസാലി

ആഗസ്റ്റ് പതിനെട്ടാം തീയതി രാവിലെ എട്ടുമണിയോടെ കേപ് ടൗണിൽ നിന്നു പോകുന്ന സിറ്റി ടൂർ ബസ് ഞങ്ങൾ ബുക്കു ചെയ്തു. കേപ്‌ ടൗൺ വളരെ പഴയ നഗരമാണ്. സൗത്ത് ആഫ്രിക്ക ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ പ്ലാൻ ചെയ്തു പണിത ഈ നഗരമാണ് സൗത്ത് ആഫ്രിക്കയുടെ ലെജിസ്ലേറ്റീവ് കാപിറ്റൽ. കഴിഞ്ഞ ഏതാനും വർഷമായി ഈ നഗരം ജലക്ഷാമത്താൽ വിഷമിച്ചിരുന്നു. സിറ്റിയിലെ പ്രധാന റോഡുകളിൽ കൂടിയുള്ള യാത്ര ഈ പുരാതന നഗരത്തിന്റെ പ്രൗഢിയും മനോഹാരിതയും വിളിച്ചറിയിക്കുന്നതാണ്. അംബരചുംബികളായ ആകാശഗോപുരങ്ങളല്ല ഈ നഗരത്തിന്റെ മുഖമുദ്ര. മിക്ക കെട്ടിടങ്ങളും ഇരുപതും പതിനഞ്ചും നിലകളിലും താഴെയുള്ളവയാണ്. സൗത്ത് ആഫ്രിക്കയുടെ ഒരു സാംസ്കാരിക, വ്യാപാര കേന്ദ്രമാണിത്. ലോക ടൂറിസ്റ്റുകളെ പ്രധാനമായും ആകർഷിക്കുന്നത് ഈ നഗരത്തിലേക്കാണ്. അതിന്റെ പ്രധാനകാരണം ഈ നഗരത്തിനടുത്തുള്ള ലോകപ്രസിദ്ധമായ ടേബിൾ മൗണ്ടൻ ആണ്. ഞങ്ങളുടെ വാഹനം ടേബിൾ മൗണ്ടന്റെ അടിവാരത്തിലെത്തി. നൂറിലധികം വാഹനങ്ങൾ അവിടവിടായി പാർക്കു ചെയ്തിരിക്കുന്നു. എല്ലാം ടേബിൾ മൗണ്ടൻ സന്ദർശിക്കാൻ വന്നവരുടെ വാഹനങ്ങൾ. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരം. ലോകത്തിലെ നാച്ചുറൽ വണ്ടേഴ്സിൽ ഒന്നാണിത്. കേബിൾ കാറിലാണ് ഈ പർവത ശിഖരത്തിലേയ്ക്ക് പോകുന്നത്. എഴുപതോളം പേരെയുംകയറ്റിയുള്ള കേബിൾ കാറിൽ ഞങ്ങൾ 10 മിനിറ്റോളമെടുത്തു ടോപ്പിലെത്താൻ. ടോപ്പിലേക്കുള്ള യാത്രയിൽ താഴേക്കു നോക്കിയാൽ ഭയന്നു പോകും. ടേബിൾ ടോപ് ഏതാണ്ട് രണ്ടര ഏക്കറോളം ഉപരിതല വിസ്തൃതിയിൽ മേശയുടെ ആകൃതിയിൽ രൂപം പ്രാപിച്ച ഒരു പർവ്വത ശിഖരമാണ്.

കല്ലുകൾ മേശയുടെ മേൽത്തട്ടു പോലെ രൂപപ്പെട്ടിരിക്കുന്ന കാഴ്ച വിസ്മയകരമാണ്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ സജ്ജമാക്കപ്പെട്ടിരിക്കുന്ന ഒരു സന്ദർശന കേന്ദ്രമാണിത്. അതിന്റെ മുകളിൽ നിന്നു നോക്കിയാൽ കേപ്പ് ടൗണിന് ചുറ്റുമുള്ള പട്ടണങ്ങളും, മലകളും, പ്രത്യേകിച്ച് അറ്റ്ലാന്റിക് സമുദ്രവും അതിന്റെ തീരങ്ങളും കാണാം. വളരെ സുന്ദരമായ പൂക്കളും, കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നതു കാണാം ഇവിടെ.

കേപ്പ് ടൗണിലെ അറ്റ്ലാന്റിക് ഇന്ത്യൻ ഓഷ്യൻ അക്വേറിയത്തിലേയ്ക്കാണ് പിന്നീടു ഞങ്ങൾ പോയത്. കട്ടിയുള്ള ചില്ലു കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധയിനം മത്സ്യങ്ങളുടെ ഒരു വലിയ ശേഖരമിതിലുണ്ട്. ഇതിനുള്ളിലൂടെ പോകുമ്പോൾ നമ്മൾ കടലിനടിയിൽ കൂടെ പോകുന്ന പ്രതീതി. വലിയ സ്രാവുകളും, ഭീമാകാരൻ മാരായ ‘തെരണ്ടി ‘കളും, വർണ്ണപ്പക്കിട്ടിൽ മിന്നി മറയുന്ന അനേകായിരം കൊച്ചു മത്സ്യങ്ങളും എല്ലാംകൂടി തീർക്കുന്ന ആ ലോകം എത്ര കണ്ടാലും മതിവരില്ല. സ്ക്യൂബാ ഡൈവേഴ്സ് വന്നു സ്രാവുകളെ ഫീഡ് ചെയ്യുന്ന കാഴ്ച പുതുമയുള്ളതായിരുന്നു. അക്വേറിയത്തിന്റെ ഒരു ഭാഗത്തു കുറച്ചു പെൻഗ്വിൻ പക്ഷികളെ വളർത്തുന്നുണ്ട്. അവയെ പേരുചൊല്ലി വിളിച്ചു തീറ്റ കൊടുക്കുന്ന കാഴ്ച വളരെ ഹൃദ്യമായിരുന്നു.

ആഗസ്റ്റ് 19ന് ഞങ്ങൾ കേപ് ടൗണിലെ മറ്റു പ്രസിദ്ധമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തു. ലോകപ്രശസ്തനായ ഡോക്ടർ ക്രിസ്റ്യൻ ബർണാഡ് 1967 ഡിസംബർ 3 ന് ലോകത്തിലാദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഗ്രൂറ്റ് ഷൂർ ആശുപത്രി കാണാൻ കഴിഞ്ഞു. ഞങ്ങളുടെ ഗൈഡ് മിസ്റ്റർ കെയ്ത്ത് എല്ലാം വിശദമായി പറഞ്ഞുകൊണ്ടിരുന്നു. പോകുന്ന വഴിയിൽ ചുറ്റിലും മരുഭൂമി പോലെയുള്ള ഊഷരഭൂമിയാണ് . എന്നാൽ നല്ല റോഡുകൾ; വഴിയരികിൽ ഉള്ള കുറ്റിച്ചെടികൾക്കിടയിൽ ബാബൂണുകളെയും ആന്റി ലോപ്പുകളെയും കണ്ടു. ഒരു സ്ഥലത്തെ വിശാലമായ ഒരു ഒട്ടകപക്ഷി വളർത്തുകേന്ദ്രം കണ്ടു. ഗുഡ് ഹോപ്പ് മുനമ്പിന്റെ ഒരു ഭാഗത്തു കൂടി യാത്ര ചെയ്തപ്പോൾ വാസ്കോഡ ഗാമയുടെ ഒരു പ്രതിമ കണ്ടു. അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പു വഴിയാണ് ഇന്ത്യയിലേക്കുള്ള കടൽ മാർഗ്ഗം കണ്ടുപിടിച്ചത്. എന്നാൽ അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പിൽ ഇറങ്ങിയിരുന്നില്ല. ഗൈഡ് കെയ്ത്തിൻെറ അഭിപ്രായത്തിൽ പോർച്ചുഗീസുകാരനായ വാസ്കോഡിഗാമ അന്ന് ആഫ്രിക്കയിലിറങ്ങിയിരുന്നെങ്കിൽ ഏഷ്യയുടെ പ്രത്യേകിച്ച് ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. വാസ്കോഡിഗാമ 1498 -ൽ ആണ് കാലിക്കറ്റ് എന്ന് വിളിച്ചിരുന്ന കോഴിക്കോടിറങ്ങിയത്.

കടൽകൊള്ളക്കാർ ആക്രമണം നടത്തി കൊണ്ടിരുന്ന സ്ഥലത്തു കൂടി ഞങ്ങളുടെ യാത്ര തുടർന്നു. രണ്ടു വശങ്ങളിലും വലിയ പർവ്വതനിരകൾ കാണാം. ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്ലാന്റിക് സമുദ്രത്തിലെയും ജലജീവികൾക്ക്‌ അപകടകരമായി, വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് ഗൈഡ് വാചാലനായി. ഞങ്ങൾ കേപ്പ് പോയിന്റിൽ എത്തിക്കഴിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു മുനമ്പാണത് . അവിടെ സമുദ്രതീരത്ത് ഉയരത്തിലുള്ള മലയുടെ മാറിൽ ഒരു ലൈറ്റ് ഹൗസ് ഉണ്ട്

ലൈറ്റ് ഹൗസിൽ കയറിയാൽ അറ്റ്ലാന്റിക് സമുദ്രവും അതിന്റെ വന്യ വശ്യതയും ആവോളം ആസ്വദിക്കാം. കേപ്പ് ഓഫ് ഗുഡ് ഹോപ്പിനടുത്തുള്ള ഈ സ്ഥലത്തിനാണ് കേപ്പ് പോയിന്റെന്നു പറയുന്നത്. സമുദ്രത്തിന്റെ ഗാംഭീര്യവും പർവ്വത ശിഖരങ്ങളുടെ തലയെടുപ്പുമെല്ലാം കണ്ട്, ഞങ്ങൾ കുറച്ചു സമയം ഇവിടെ ചിലവാക്കി.

പിന്നീട് ഞങ്ങൾ പോയത് അറ്റ്ലാന്റിക് സമുദ്രത്തിൽ പെൻഗ്വിൻ പക്ഷിക്കൂട്ടങ്ങൾ ഉള്ള തീരത്തേക്കാണ്. സമുദ്രതീരത്തുള്ള ചെടികളുടെ ഇടയിൽ പാറക്കൂട്ടങ്ങളുടെ ഇടയിലും വിശ്രമിക്കുന്ന പെൻഗ്വിൻ പക്ഷികൾ; അപൂർവ്വമായ ഈ കാഴ്ച തൊട്ടടുത്തുനിന്ന് കാണാൻ സാധിച്ചത് ഒരു ഭാഗ്യം തന്നെ. മണ്ണിൽ കുഴിയുണ്ടാക്കി മുട്ടകളിട്ട്, അവയുടെ മുകളിൽ ആൺ – പെൺ പക്ഷികൾ (പെൻഗ്വിൻ ) അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. കടലിലും കടൽത്തീരങ്ങളിലും ധാരാളം പെൻഗ്വിൻ പക്ഷികൾ, മുട്ടിയുരുമ്മി നീന്തിക്കളിക്കുന്ന കാഴ്ച കണ്ണുകൾക്ക് ഒരു വിരുന്നാണ് . അവിടെയാകെ 22000 പെൻഗിൻ പക്ഷികളുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനം കാരണം 50 വർഷത്തിനുശേഷം സൗത്താഫ്രിക്കൻ തീരങ്ങളിൽ ഉള്ള പെൻഗ്വിൻ പക്ഷികൾ നാമാവശേഷമാകുമെന്നാണ് ഗൈഡ് പറഞ്ഞത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരികെ ഞങ്ങൾ കേപ്ടൗൺ വാട്ടർ ഫ്രണ്ടിൽ വന്നു. അവിടെയൊരു ഫിഷ് മാർക്കറ്റിലേക്കാണ് ഞങ്ങൾ പോയത്. അത് ഒരു മീൻചന്തയല്ല. മറിച്ച് മീനുകളുടെ പലതരം വിഭവങ്ങൾ മാത്രം വിൽക്കുന്ന ഒരു ഹോട്ടലാണ്. അവിടെ നിന്നും സോൾ ഫിഷിന്റെയും ഹെയ്ൻക് മത്സ്യത്തിന്റെയും സവിശേഷ വിഭവങ്ങൾ കഴിച്ച ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരികെപ്പോയി.

 

 

ആഗസ്റ്റ് 20 ആം തീയതി രാവിലെ തന്നെ ഞങ്ങൾ പ്രസിദ്ധമായ ഒരു വൈനറി സന്ദർശിക്കുവാൻ പോയി. 25 കി. മീ. യാത്രചെയ്താണ് വൈനറിയിലെത്തിയത്. വളരെ വിസ്തൃതമായ മുന്തിരിത്തോപ്പുകളുള്ള ഒരു വൈനറിയാണ് ഗ്രൂട്ട് കോസ്റ്റാന്റിക്കാ, എന്നാൽ ഞങ്ങൾ ചെന്ന ഓഗസ്റ്റ് മാസത്തിൽ അവയെല്ലാം പ്രൂണിംഗ് കഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇനിയും ജനുവരി മാസത്തിലാണ് അവ തളിർത്ത് പൂത്തു മുന്തിരിക്കുലകളുണ്ടാവുന്നത്. മാർച്ച് മാസത്തോടുകൂടി വിളവെടുപ്പു നടത്തും. മുന്തിരിത്തോട്ടത്തിന്റെ ഉടമ താമസിച്ചിരുന്ന വീടും പരിസരവും മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. 17-)o നൂറ്റാണ്ടിൽ അദ്ദേഹം ഉപയോഗിച്ച മുറി, കട്ടിൽ, കസേര, ഡൈനിങ് ടേബിൾ, അടുക്കള — എല്ലാം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. വൈനറിയും അതിന്റെ ഓരോ ഭാഗങ്ങളുടെ പ്രവർത്തനവും കാണിച്ചു തരാൻ ഒരു മദാമ്മ വന്നു. അവർ വൈൻ നിർമ്മാണത്തിന്റെ ഓരോഘട്ടവും വൈനറിയിലെ വലിയ സ്റ്റീൽ ടാങ്കുകളും, ഉപകരണങ്ങളും എല്ലാം കാണിച്ചു തന്നു വിശദീകരിച്ചു. 250 ലിറ്റർ മുതൽ 10000ലിറ്റർ വരെ വീണ്ടും ശേഖരിച്ചു വയ്ക്കാവുന്ന നൂറുകണക്കിന് വൈൻ കാസ്ക്കുകൾ ഞങ്ങൾക്കു കാട്ടിത്തന്നു. റെഡ് വൈനും വൈറ്റ് വൈനും ഉണ്ടാക്കുന്ന രീതികളും വിവരിച്ചുതന്നു. അവർ വൈൻ ഉണ്ടാക്കുമ്പോൾ മധുരം ചേർക്കാറില്ല. സ്വീറ്റ് വൈൻ ഉണ്ടാക്കുമ്പോൾ മുന്തിരി നന്നായി വിളഞ്ഞതിനു ശേഷമേ പറിക്കുകയുള്ളൂ. അതുപോലെതന്നെ വീഞ്ഞുണ്ടാക്കുമ്പോൾ അവർ വെള്ളവും ചേർക്കാറില്ല. ഞങ്ങൾക്കെല്ലാവർക്കും പലയിനം വീഞ്ഞുകൾ ടേസ്റ്റ് ചെയ്യാൻ തന്നു. ടേസ്റ്റ് ചെയ്യാനുപയോഗിച്ച വീഞ്ഞു ചഷകങ്ങൾ അവരവർക്കു കൊണ്ടുപോകാമെന്ന് പറഞ്ഞു. നല്ലയൊരു മധുരിക്കുന്ന അനുഭവമായി മാറി ഈ വൈനറി സന്ദർശനം. ഇതുപോലെയുള്ള ധാരാളം വൈനറികൾ ടൗണിന് ചുറ്റും
ഉണ്ടെന്നറിയാൻ കഴിഞ്ഞു……. വൈകിട്ട് ആറരയോടു കൂടി ഞങ്ങൾ തിരികെ താമസ സ്ഥലത്തെത്തി ഭക്ഷണം കഴിഞ്ഞ് രാത്രി വിശ്രമിച്ചു.

 

 

 

 

 

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ  ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT  എൻജിനീയറിങ് കോളേജ്   സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി