കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ പി ഡി പി തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ചെയർമാൻ അബ്ദുൾ നാസർ മദനി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് നിലപാട് പ്രഖ്യാപിച്ചത്. എൽ ഡി എഫ് നേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് പാർട്ടി അറിയിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര വോട്ടുകൾ ഏകീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നതെന്ന് പി ഡി പി നേതാക്കൾ വ്യക്തമാക്കി. രാജ്യത്ത് വർഗീയ-വിദ്വേഷ രാഷ്ട്രീയത്തിന് ശക്തി വർധിക്കുന്ന സാഹചര്യത്തിൽ, അതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകാതിരിക്കാനായി മതേതര ശക്തികളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിലപാടാണ് പാർട്ടി മുന്നോട്ടുവച്ചത്.
അതേസമയം, സംഘപരിവാർ ശക്തികൾ വർഗീയ അജണ്ടകൾ മുന്നോട്ട് വെക്കുമ്പോൾ, അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന രീതിയിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന വിമർശനവും പി ഡി പി ഉന്നയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തുന്നത് അനിവാര്യമാണെന്നും, അതിന്റെ ഭാഗമായാണ് എൽ ഡി എഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.











Leave a Reply