ഹവായി: അമേരിക്കയില്‍ ഹവായിയിലെ ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ  വെടിവെയ്പ്.   രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റ ചിലരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.

വെടിവെയ്പ് നടത്തിയ അക്രമിയും സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെടിവെയ്പിനെ തുടര്‍ന്ന് പേള്‍ഹാര്‍ബറിലേക്കുള്ള ഗേറ്റുകള്‍ അടച്ചു. പ്രദേശം സുരക്ഷാ ജീവനക്കാര്‍ വളഞ്ഞു.

ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ്.ബഹദുരിയയും സംഘവും വെടിവെപ്പ് നടക്കുന്ന സമയം പേള്‍ ഹാര്‍ബറിലുണ്ടായിരുന്നുവെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും സംഭവം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.

അമേരിക്കയടെ നാവിക-വ്യോമ സംയുക്ത താവളമാണ് പേള്‍ ഹാര്‍ബര്‍ ഹിക്കം. സൈനിക താവളത്തിനോട് ചേര്‍ന്ന് തന്നെ കപ്പല്‍ നിര്‍മാണ ശാലയും പേള്‍ ഹാര്‍ബറിലുണ്ട്. യുഎസ് സൈന്യത്തിന് വേണ്ട കപ്പലുകളും അന്തര്‍വാഹിനികളും ഇവിടെയാണ് നിര്‍മിക്കുന്നത്.

15 ഓളം അന്തര്‍വാഹിനികള്‍ ഇവിടെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ നിര്‍മാണ ശാലയുടെ സമീപത്താണ് വെടിവെപ്പ് നടന്നത്‌. 1941-ല്‍ ജപ്പാന്‍ പേള്‍ ഹാര്‍ബറിന് നേരെ നടത്തിയ ആക്രമണമാണ് അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്‌.