ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോൾ താരം പെലെ ( 82 )വിടവാങ്ങി. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന അദ്ദേഹം അർബുദ ബാധയെ തുടർന്നുള്ള ചികിത്സയിലായിരുന്നു. വെറും പതിനാറാമത്തെ വയസ്സിലാണ് അദ്ദേഹം ബ്രസീലിൻറെ ഫുട്ബോൾ ജേഴ്സി അണിയുന്നത്. ബ്രസീലിന് ലോകമെങ്ങും ഫുട്ബോൾ ആരാധകരെ നേടിക്കൊടുത്തത് പെലെ ആയിരുന്നു. 1958, 1962, 1970 എന്നീ വർഷങ്ങളിൽ ബ്രസീലിന് ലോകകപ്പ് നേടുന്നതിൽ മുഖ്യപങ്കുവഹിച്ചത് പോലെയാണ്.
1940 ഒക്ടോബർ 20 -ന് ബ്രസീലിലെ ട്രെസ് കൊരക്കോവിലായിരുന്നു പെലെ ജനിച്ചത്. നാല് ലോകകപ്പുകൾ കളിച്ച പെലെ 1363 മത്സരത്തിൽ നിന്ന് മൊത്തം 1281 ഗോളുകളാണ് നേടിയത്. ഇതിൽ ബ്രസീൽ ദേശീയ ടീമിനു വേണ്ടി മാത്രം അടിച്ചത് 95 ഗോളുകളാണ്.
ബ്രസീൽ ഫുട്ബോൾ ടീമിന് കേരളത്തിൽനിന്ന് ഇത്രയും ആരാധകർ ഉണ്ടാകാനുള്ള മുഖ്യകാരണം പെലെയാണ്. പെലെയുടെ ഫുട്ബോൾ ജീവിതത്തെ കുറിച്ചുള്ള പാഠഭാഗം സ്കൂൾ കുട്ടികൾക്ക് പഠിക്കാനുണ്ടായിരുന്നു. ഇങ്ങനെയാണ് ദൃശ്യ മാധ്യമങ്ങൾ ഇല്ലായിരുന്ന കാലത്ത് ബ്രസീലിൻറെ ഫുട്ബോൾ കളിയുടെ മാസ്മരിക സൗന്ദര്യം കേരളത്തിൽ പ്രശസ്തമായത്.
കറുത്ത മുത്ത് എന്ന് ആരാധകർ വിളിക്കുന്ന പെലെയ്ക്ക് ഹൃദയം നിറഞ്ഞ വേദനയോടെയാണ് ലോകമെങ്ങുമുള്ള മലയാളികൾ വിട പറയുന്നത്.
Leave a Reply