ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്നും യുകെയിലെത്തി ചേർന്നിരിക്കുകയാണ് മൃഗപരിപാലകനായ ബ്രിട്ടീഷ് പൗരൻ പെൻ ഫാർതിങ്. മുൻ റോയൽ നേവി ഉദ്യോഗസ്ഥനും, നൗസാദ് ഡോഗ് ഫൗണ്ടേഷൻ ഉടമയുമായ പെൻ ഫാർതിങ് തന്റെ 173 ഓളം വരുന്ന നായകളും പൂച്ചകളുമായാണ് ബ്രിട്ടനിൽ എത്തിച്ചേർന്നത്. ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ ഞായറാഴ്ചയാണ് അൻപത്തിരണ്ടുകാരനായ ഫാർതിങ് മടങ്ങിയെത്തിയത്. എന്നാൽ തിരിച്ചു വന്നതിൽ തനിക്ക് ദുഃഖമാണെന്നും, തന്റെ അഫ് ഗാൻ ജീവനക്കാരെ പിരിഞ്ഞു വന്നതിൽ തനിക്ക് അതിയായ കുറ്റബോധം ഉണ്ടെന്നും ഫാർതിങ് പറഞ്ഞു. തന്റെ വളർത്തു നായകളിൽ ഒന്നിനെ താലിബാൻകാർ കുത്തി മുറിവേൽപ്പിച്ചതായും, യുകെയിലേയ്ക്കുള്ള യാത്രയ്ക്കിടെ അഞ്ചോളം പൂച്ചകൾ ചത്തു പോയതായും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ഏകദേശം 68 അഫ് ഗാൻ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. ഇതു തന്നെ വളരെയധികം വേദനിപ്പിക്കുന്നതായി ഫാർതിങ് പറഞ്ഞു.


കഴിഞ്ഞ ആഴ്ചയിൽ ഫാർതിങിന്റെ ഭാര്യ കൈസ യു കെയിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ പെന്നിന്റെ പേപ്പർ വർക്കുകൾ വീണ്ടും നീണ്ടു പോയതിനാൽ ആണ് യാത്രയ്ക്ക് കാലതാമസം ഉണ്ടായത്. തന്റെ ജീവനക്കാർ തന്നെയാണ് മൃഗങ്ങളോടൊപ്പം തന്നെ യാത്രയാക്കിയതെന്ന് ഫാർതിങ് ഓർമ്മിച്ചു. മൂന്നുമാസത്തെ അധികവേതനവും, കുറച്ചധികം പണവും അവർക്ക് നൽകിയാണ് താൻ അവിടെനിന്നും യാത്രയായത് എന്ന് ഫാർതിങ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചകളിൽ ആയി പതിനയ്യായിരത്തിലധികം പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും യു കെ തിരിച്ചെത്തിച്ചത്. ഫാർതിങിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ചെറിയ വിവാദങ്ങളും യുകെയിൽ ഉണ്ടായിരുന്നു. ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് തന്റെ യാത്ര തടയാൻ ശ്രമിച്ചതായി ഫാർതിങ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് തന്റെ പ്രസ്താവന സംബന്ധിച്ച് ഫാർതിങ് ക്ഷമാപണം നടത്തി.