പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ജനങ്ങള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയി. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ പൊതുപരിപാടിയിലാണ് സംഭവം. കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി രാജ്‌കോട്ടില്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ രണ്ടു ദിവസമായി മോദി ഗുജറാത്തിലാണുള്ളത് ഇന്നലെ മോദി പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി തന്റെ ജന്മനാട് സന്ദര്‍ശിച്ചിരുന്നു. രാജ്‌കോട്ടിലെ ചോട്ടിമലയില്‍ വരുന്ന വിമാനത്താവളത്തിന്റെ ശിലസ്ഥാപനമായിരുന്നു മോദി നിര്‍വഹിച്ചത്.


മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നല്‍ വാര്‍ത്ത നല്‍കി അല്‍പ്പസമയം കഴിഞ്ഞയുടന്‍ അവര്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്യ്തു.
ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിച്ച മോദി ‘ചോട്ടിലയില്‍ വിമാനത്താവളം വരുമെന്ന് നിങ്ങള്‍ കരുതിയിരുന്നോ’ യെന്ന് ചോദിക്കുകയായിരുന്നു. ‘വോട്ടിന് വേണ്ടിയല്ല തങ്ങളുടെ പ്രവര്‍ത്തനമെന്നും വികസനത്തിന് വേണ്ടിയാണിതെന്നും’ മോദി പറയുന്നതിനിടെയായിരുന്നു ജനങ്ങള്‍ ഇറങ്ങിപ്പോയതെന്ന് ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മോദിയുടെ പ്രസംഗവേദിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയതെന്നത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയേക്കും.