ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഒരു സാധാരണ കുടുംബത്തിൻറെ ഊർജ്ജ ബില്ലുകൾ ജനുവരിയിൽ വീണ്ടും കൂടുമെന്ന വാർത്തകൾ പുറത്തു വന്നു. പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ ഇത് വീണ്ടും ദുരിതത്തിലാക്കും. 2025 -ൽ ഊർജ്ജ ബില്ലിലെ വർദ്ധനവ് അതേപടി തുടരുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു സാധാരണ കുടുംബത്തിന് 1738 പൗണ്ട് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ ഉള്ള തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 21 പൗണ്ട് കൂടുതലാണ്. നിലവിലെ എനർജി ബില്ലുകൾ ഇപ്പോൾ തന്നെ കോവിഡിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം കൂടുതലാണ്. ഈ വർദ്ധനവ് നിലവിൽ വരുമ്പോൾ ഊർജ്ജ ബില്ലുകൾ മൂന്ന് വർഷത്തെ ഏറ്റവും കൂടിയ നിലയിൽ എത്തും. ഈ വർദ്ധനവ് നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി .
ഉയർന്ന ചാർജ് വർദ്ധനവ് മൂലം താഴ്ന്ന വരുമാനക്കാരായ നിരവധി കുടുംബങ്ങളിൽ കൊടും തണുപ്പു കാലത്ത് ഹീറ്റർ ഉപയോഗിക്കാതിരിക്കാനുള്ള അവസ്ഥ സംജാതമാകുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. ഊർജ്ജ ചിലവ് നിരവധി കുടുംബങ്ങൾക്ക് ഒരു വെല്ലുവിളിയാണ് എന്ന് റെഗുലേറ്ററിൽ നിന്നുള്ള ടിം ജാർവിസ് പറഞ്ഞു. എന്നാൽ കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വിലകളിൽ 10 ശതമാനം കുറവ് വന്നിട്ടുണ്ട്. എന്നിരുന്നാലും ശൈത്യകാലത്ത് തണുപ്പ് അധികരിച്ചാൽ ഉയർന്ന ഊർജ്ജ ഉപയോഗം മൂലം ബിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.
Leave a Reply