ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ചികിത്സയ്ക്കുള്ള നീണ്ട കാത്തിരുപ്പ് സമയം മൂലം കൂടുതൽ പേർ സ്വകാര്യ ആരോഗ്യ സേവനങ്ങൾ തിരഞ്ഞെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഹെൽത്ത് വാച്ച് ഇംഗ്ലണ്ടിൻെറ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിൽ 16% പേരാണ് സ്വകാര്യ സെക്ടർ സേവനം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത് . രണ്ട് വർഷം മുൻപ് ഇത് 9% ആയിരുന്നു. സമ്പന്ന വിഭാഗത്തിൽ പെട്ടവരാണ് സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്നത് . £80,000-ലധികം വരുമാനമുള്ളവരിൽ 35% കഴിഞ്ഞ വർഷം സ്വകാര്യ സേവനം ഉപയോഗിച്ചതായി പഠനം പറയുന്നു.

എൻഎച്ച്എസിൽ മിക്കപ്പോഴും വൈദ്യ പരിശോധനകളും സ്കാനിങ്ങുകളും വൈകുന്നത് മൂലമാണ് പലരും ആദ്യം സ്വകാര്യ രംഗത്ത് പോകുന്നതും പരിശോധനാഫലങ്ങൾ എൻഎച്ച്എസിലേക്ക് നൽകി ഉടൻ ചികിത്സ ലഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയും ഉണ്ട് . സ്വകാര്യ മേഖലയിൽ ചില പരിശോധനകൾ 48 മണിക്കൂറിനകം നടത്താൻ സാധിക്കുന്ന സ്ഥാനത്ത് എൻഎച്ച്എസ് കാത്തിരിക്കേണ്ടത് 18 ആഴ്ചയോളമാണ് . ഇതാണ് പലരുടെയും മനസ് മടിപ്പിക്കുന്നത് . മനസികാരോഗ്യം, വെയ്റ്റ്-ലോസ് മരുന്നുകൾ എന്നിവയ്ക്കും കൂടുതൽ പേർ സ്വകാര്യ സേവനം തേടുന്നു.

ഡോക്ടർമാർ സ്വകാര്യ ചികിത്സാ ഉപയോഗം വർധിച്ചതോടെ എൻഎച്ച്എസ് ജിപികളുടെ ജോലിബാധ്യത കൂടിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. . സ്വകാര്യ സേവനങ്ങൾ കൂടുതൽ പേർ ഉപയോഗിക്കുന്നത് രണ്ട് തരത്തിലുള്ള ആരോഗ്യ സംവിധാനത്തെ വർദ്ധിപ്പിക്കുന്നു എന്നും ഉടനടി നടപടികൾ സ്വീകരിക്കേണ്ടതായും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജിപി കമ്മറ്റി ചെയർ ഡോക്ടർ കാറ്റി ബ്രമാൽ പറഞ്ഞു. എൻഎച്ച്എസ് സേവനങ്ങൾ നവീകരിക്കുന്നതിലും പെട്ടെന്ന് ലഭ്യമാക്കുന്നതിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ വക്താവ് വാർത്തകളോട് പ്രതികരിച്ചു.











Leave a Reply