ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് -19 പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ച ആളുകളിൽനിന്ന് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ മുന്നറിയിപ്പുനൽകി. ഇത് മുന്നിൽ കണ്ട് പ്രതിരോധകുത്തിവെയ്പ്പിൻെറ ആദ്യഗഡു ലഭിച്ചവർ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സൺഡേ ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിൽ പ്രതിരോധകുത്തിവെയ്പ്പ് നേടിയവരിൽ നിന്നുള്ള വൈറസ് വ്യാപനത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പ്രൊഫസർ വാൻ-ടാം ചൂണ്ടിക്കാണിച്ചു. വാക്‌സിനുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അണുബാധയുടെ നിരക്ക് കുറയ്ക്കാൻ കഴിയണം.

 

ഇംഗ്ലണ്ടിൽ ഉടനീളം 32 വാക്സിൻ സൈറ്റുകൾ കൂടി ഈ ആഴ്ച ആരംഭിക്കുകയാണ്. ഒരു വാക്‌സിനും ഇതുവരെ 100% ഫലപ്രദമായിട്ടില്ല. അതിനാൽ തന്നെ വാക്‌സിൻ ലഭിച്ചാലും ജാഗ്രതയ്ക്ക് കുറവുണ്ടാവരുത്. ഒരു ഡോസ് ലഭിച്ചതിന് ശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ വൈറസ് പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചാലും പ്രായമായവരിൽ രോഗപ്രതിരോധം ലഭിക്കാൻ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യമെങ്ങും യുദ്ധകാലടിസ്ഥാനത്തിൽ വാക്സിൻ വിതരണം പുരോഗമിക്കുമ്പോഴും ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഇടയിൽ പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് ഫൈസർ വാക്‌സിൻെറ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള കാലദൈർഘ്യം 12 ആഴ്ചയിൽ നിന്ന് 6 ആഴ്‌ചയായി കുറയ്ക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.