മലപ്പുറത്ത് ജനിച്ച മകന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ സ്ഥലം കൊടുത്തിരിക്കുന്നത് ലണ്ടന്‍. ഇതുവരെ വിദേശത്തേക്ക് പോവാത്ത മാതാപിതാക്കളുടെ മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ സ്ഥലപ്പേരില്‍ വിദേശ രാജ്യത്തിന്റെ പേര് വന്നതായി പരാതി. രമാദേവി എന്ന സോണി ഡാനിയേലാണ് മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ വരുത്തിയ പിഴവിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് 38 വര്‍ഷം മുമ്പ് ഇവരുടെ ഏക മകന്‍ റോണി എം ഡി ജനിച്ചതെന്ന് രമാദേവി പറയുന്നു.
റോണി കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ്. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ സംഭവിച്ചിരിക്കുന്ന പിഴവ് കാരണം ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥലപ്പേര് തിരുത്താന്‍ തടസങ്ങളുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. വിദേശത്ത് നടന്ന ജനനം രജിസ്റ്റര്‍ ചെയ്യുന്ന നിയമപ്രകാരമാണ് രേഖപ്പെടുത്തിയതെന്നും തിരുത്തുന്നതില്‍ തീരുമാനമെടുക്കേണ്ടത് ചീഫ് രജിസ്റ്റാര്‍ ആണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം 1-1-1985 എന്നാണ്. ജനനസ്ഥലം ലണ്ടന്‍. മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടില്ല. 1988 ലാണ് ഈ രജിസ്‌ട്രേഷന്‍ നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നു. 2023 ജനുവരിയിലാണ് അമ്മ സോണി ഡാനിയല്‍ പാസ്‌പോര്‍ട്ട് എടുത്തത്. ഭര്‍ത്താവ് പാസ്‌പോര്‍ട്ട് എടുത്തത് 2008 ലാണെന്നും പിന്നെ എങ്ങനെയാണ് മകന്‍ വിദേശത്ത് ജനിക്കുമെന്നും അമ്മ ചോദിക്കുന്നു. പാസ്‌പോര്‍ട്ട് രേഖകളും എംബസി വിവരങ്ങളും ഇല്ലാതെ എങ്ങനെയാണ് ജനനസ്ഥലം ലണ്ടന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നും സോണി ചോദിക്കുന്നു.
അതേസമയം ജനന രജിസ്റ്ററിലെ വിവരങ്ങളും അപേക്ഷകരുടെ വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയുടെ വാദം. ജനന രജിസ്റ്ററില്‍ അമ്മയുടെ പേര് ഡി എല്‍ സോണി എന്നാണ് കൊടുത്തിരിക്കുന്നത്. പേരില്‍ പിന്നീട് മാറ്റം വരുത്തിയതായ ഗസറ്റഡ് വിജ്ഞാപനം സമര്‍പ്പിക്കാനായിട്ടില്ല. ജനന രജിസ്റ്ററില്‍ കൊടുത്തിരിക്കുന്ന മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.എന്നാല്‍ അനുകൂല തീരുമാനം വന്നില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഖത്തറിലുള്ള മകന്‍ റോണി എം ഡി പ്രതികരിച്ചു.
Leave a Reply