ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണയുടെ ദുരിതങ്ങൾ എന്ന് അവസാനിക്കും. ലോക്ഡൗൺ എന്ന് തീരും.ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിര വധിയാണ് . പക്ഷെ വൈറസ് വ്യാപനത്തിൻെറ തോത് കുറയുന്നതിന് പകരം കൂടുതൽ തീവ്രതയിലേക്ക് കാര്യങ്ങൾ കുതിക്കുന്നു. ലോക് ഡൗൺ പിൻവലിക്കലും ജോലിക്ക് പോയി തുടങ്ങലും എന്ന് നടക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥ. കേരളത്തിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം കുറേ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടാലും ചെയ്തുവന്നിരുന്ന ജോലികൾ തുടരാമെന്നും വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയുടെ കച്ചിത്തുരുമ്പുകൾ നിലനിൽക്കുന്നു.
അമേരിക്കയിലെയും യൂറോപ്പിലെയും മലയാളി പ്രവാസികളിൽ ഭൂരിപക്ഷവും സ്വകുടുംബമായി കഴിയുന്നവരാണ്. പലരും അതാത് രാജ്യങ്ങളിലെ പൗരത്വം ഉള്ളവർ. തീർച്ചയായും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കൊറോണ ദുരന്തം ഏൽപ്പിക്കുന്ന ഭീഷണികളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എങ്കിലും ഒരു പരിധി വരെയെങ്കിലും അതാത് രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ കൈത്താങ്ങ് തുടർ ജീവിതത്തിന് താങ്ങാകുമെന്ന പ്രതീക്ഷ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് യുകെയിലെ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് മാസ വരുമാനത്തിന്റെ 80% കൊടുക്കുവാൻ ഗവൺമെന്റ് എടുത്ത തീരുമാനം ശ്ലാഘനീയമാണ്.
പക്ഷേ ഗൾഫ് മേഖലയിലെ പ്രവാസികളുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. വീടും നാടും ഉപേക്ഷിച്ച് നല്ല നാളെ ലക്ഷ്യമാക്കി ഒരു തിരിച്ചുവരവിനായി പ്രവാസികളായവരാണവർ. സാമ്പത്തികമായ ബാധ്യതകൾ പലരുടെയും തിരിച്ചുവരവ് അനന്തമായി നീട്ടികൊണ്ടു പോയി എന്നു മാത്രം. ചിലരെങ്കിലും രണ്ടും മൂന്നും അഞ്ചും കൊല്ലം കഴിയുമ്പോൾ വീട്ടിൽ വന്ന് സ്വയം മുഖം കാണിച്ച് മടങ്ങാൻ വിധിക്കപ്പെട്ടവരാണ്. പലരും ജോലി ചെയ്യുന്നത് അവിദഗ്ധ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യാത്ര കൂലിയും വാടകയും മറ്റ് ജീവിത ചെലവുകളും കഴിഞ്ഞ് മിച്ചം വയ്ക്കുന്ന തുക കേരളത്തിലെ അതിഥി തൊഴിലാളികളുടെ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ അന്തരം ഒന്നും ഉണ്ടാവാൻ തരമില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാടായി ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ കാത്തിരിക്കുന്നത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള അടുത്ത കച്ചിത്തുരുമ്പിനായുള്ള അന്വേഷണം ആയിരിക്കും. അതിന് കൈത്താങ്ങാകാൻ നമ്മൾക്ക് കഴിയണം.
2018ലെ കേരള കുടിയേറ്റ സർവേ പ്രകാരം 21 ലക്ഷം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്. ഇതിൽ 90 ശതമാനം പേരും ഗൾഫ് രാജ്യങ്ങളിലാണ്. ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന മലയാളികളുടെ എണ്ണം അഞ്ച് ലക്ഷത്തിനോടടുക്കും. ഇതിൽ 20 ശതമാനം ആളുകളും തൊഴിൽ നഷ്ടമായി തിരിച്ചെത്തുന്നവരാണ്. 10 ശതമാനം ആളുകൾ വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരുമാണ്. ഇതിനർത്ഥം ഇപ്പോഴത്തെ സാഹചര്യങ്ങൾ കലങ്ങി തെളിഞ്ഞാലും ഒരു തിരിച്ചുപോക്ക് പലർക്കും അത്ര എളുപ്പമല്ല.
മറ്റൊരു നാട്ടിലും ഇല്ലാത്ത രീതിയിൽ പ്രവാസികളെ സൃഷ്ടിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്തവരാണ് നമ്മൾ. അങ്ങനെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിലേയ്ക്ക് വൻതോതിൽ ഇന്ന് നമ്മൾ അതിഥി തൊഴിലാളികൾ എന്ന് വിളിക്കപ്പെട്ടവർ എത്തിച്ചേർന്നു. 2013-ലെ കണക്ക് പ്രകാരം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇന്നത് 35 ലക്ഷത്തിനടുത്താണെന്നാണ് ഏകദേശ കണക്ക്. അതിഥി തൊഴിലാളികൾ കയ്യടക്കിയ, നമ്മൾ എന്നേ ഉപേക്ഷിച്ച തൊഴിലിടങ്ങളിലേക്ക് വീണ്ടും തിരിച്ചു വരുന്ന പ്രവാസികൾക്ക് സ്വാഭാവികമായും കുടിയേറേണ്ടതായി വരും.
ഗൾഫ് നാടുകളിലെ താഴെതട്ടിലുള്ള തൊഴിലാളികളിൽ കേരളത്തിൽ നിന്നുള്ള പലരും മറ്റ് നാടുകളിൽ നിന്നുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാസമ്പന്നരാണ്. ഒരുപക്ഷേ ഇത്രയധികം അഭ്യസ്തവിദ്യർ മറ്റ് നാടുകളിൽ അവിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻെറ പരാജയമാണോ എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. യൂറോപ്യൻ നാടുകളിലെ പോലെ യന്ത്രവൽകൃതമാകുന്ന തൊഴിലിടങ്ങൾ അനാവശ്യ പ്രവാസ കുടിയേറ്റങ്ങൾക്ക് പകരം അഭിമാനത്തോടെയും അന്തസോടെയും കേരളത്തിൽ ജോലി ചെയ്യാൻ നമ്മുടെ ചെറുപ്പക്കാരെയും പ്രേരിപ്പിച്ചേക്കാം. ഏതായാലും നമ്മുടെ തൊഴിൽ സംസ്കാരത്തിനും പ്രവാസത്തിനും ഒരു പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്.
Leave a Reply