കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ 8-ാം പ്രതി പിടിയിലായി. സുബീഷ് എന്നയാളാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സുബീഷ്. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഷാര്‍ജയിലേക്ക് മുങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ നീക്കങ്ങള്‍ ആരംഭിക്കുമെന്ന് നേരത്തെ ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചിരുന്നു.
ഷാര്‍ജയില്‍ നിന്ന് സുബീഷ് മംഗലാപുരത്തേക്ക് വരുന്നതായി വിവരം ലഭിച്ച പോലീസ് ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും സഹായിച്ച സിപിഎം നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരാണ് സുബീഷിനെ ഷാര്‍ജയിലേക്ക് കടക്കാന്‍ സഹായിച്ചതെന്നാണ് സൂചന.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരനാണ്. മുഖ്യ പ്രതിയെ ഉള്‍പ്പെടെയുള്ള സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചത് സിപിഎമ്മിന്റെ ഉന്നത നേതാക്കളാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി, തെളിവുകള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഉദുമ ഏരിയാ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
Leave a Reply