കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. കേരളാ പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നും നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കാര്യങ്ങള്‍ മയപ്പെടുത്താനാവും ആഭ്യന്തരം ശ്രമിക്കുക. ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥാനമാറ്റം ലഭിച്ച എ. ശ്രീനിവാസ് ജില്ലാ പോലീസ് മേധാവി സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ കേസിന്റെ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം കൊലപാതകം നടത്തിയവരില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിനുപയോഗിച്ച വടിവാള്‍ എത്തിച്ച കല്ല്യോട്ട് ഏച്ചിലടുക്കത്തെ സജി സി. ജോര്‍ജിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സജീവ സിപിഎം പ്രവര്‍ത്തകനാണ്. സജി നേരത്തെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. സജിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് തെളിവെടുപ്പിന് ഹാജരാക്കിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂര്‍ണമായും അടിച്ചുതകര്‍ത്തിട്ടുണ്ട്.
Leave a Reply