പെരിയാറിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ശരീരത്തിൽ മറ്റ് പരുക്കുകളില്ല. 25നും 40നും ഇടയിൽ പ്രായമാണ് മരിച്ചയാൾക്കെന്നും പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ പെരിയാറിൽ കണ്ടെത്തിയ മൃതദേഹം കരയ്ക്കെത്തിച്ചത് ബുധൻ രാവിലെ ഒൻപതു മണിയോടെ. രണ്ടു ദിവസം പഴക്കമായി അഴുകിത്തുടങ്ങിയ ശരീരത്തിൽ ആണ് പൊലീസ് സർജൻ എ കെ ഉന്മേഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയത്. മരണം ശ്വാസം മുട്ടിയാണ്, അതിൽ സംശയമില്ല. മുഖത്തോ കഴുത്തിലോ ബലം പ്രയോഗിച്ചാണോ വായിൽ തുണി തിരുകിക്കയറ്റിയാണോ ശ്വാസം മുട്ടിച്ചതെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന ആവശ്യമാണ്.

ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെ ആണ് വായിൽ തിരുകിയിരുന്നത്. കൊലപ്പെടുത്താൻ തന്നെ ആകണമെന്നില്ല, ബലപ്രയോഗത്തിനിടെ നിശ്ശബ്ദയാക്കാൻ ആകാമിത് ചെയ്തതെന്ന് അനുമാനിക്കാം. എന്നാൽ മൃതദേഹത്തിൽ ആഭരണം ഒരു തരി കാണാത്തതാണ് സംശയത്തിന് ഇടയാക്കുന്ന മറ്റൊരു കാര്യം. കാത് തുളച്ചതായി കാണുന്നെങ്കിലും കമ്മലോ ചെറിയ കല്ലുകളോ പോലുമില്ല. പോസ്റ്റ്‌മോർട്ടത്തിന് മുന്നോടിയായി എക്‌സ്‌റേ ചെയ്‌തെങ്കിലും അസ്തികൾക്ക് ഓടിവോ ക്ഷതമോ കണ്ടെത്തിയില്ല. മറ്റ് ബലപ്രയോഗങ്ങൾ ഉണ്ടായിട്ടില്ലെന്ന് അങ്ങനെയും വ്യക്തമാകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലൈംഗിക ബന്ധത്തിന്റെ സൂചനകൾ ഉണ്ടെങ്കിലും അടുത്തെങ്ങും നടന്നതിന്റെയോ അതിക്രമം ഉണ്ടായത്തിന്റെയോ ലക്ഷണമില്ല. ശരീരപ്രകൃതി പരിഗണിച്ചാൽ മലയാളി ആകാതിരിക്കാമെങ്കിലും ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയില്ല എന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. നഖം വെട്ടിയിരിക്കുന്നത് മുതൽ മുടി കളർ ചെയ്തിരിക്കുന്നത് വരെ നോക്കിയാൽ സൗന്ദര്യം നന്നായി പരിചരിച്ചിരുന്ന യുവതിയാണെന്നും കാണാം. ഇക്കാര്യങ്ങൾ എല്ലാം പരിഗണിക്കുമ്പോൾ ദുരൂഹത ഏറുകയാണ്. സമാന ലക്ഷണങ്ങളുള്ള സ്ത്രീകളെ കാണാതായ കേസുകളുടെ വിവരങ്ങൾ ചിലത് പരിശോധിച്ചെങ്കിലും ഒരു നിഗമനത്തിലും എത്താൻ കഴിഞ്ഞിട്ടില്ല. പരാതികൾ വന്നിട്ടുള്ള കേസുകളുമായി ഒത്തുനോക്കാൻ പാകത്തിൽ ശരീരത്തിലെ അടയാളങ്ങളും പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.