ന്യൂഡൽഹി ∙ കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അൺലോക്ക് 5’ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവർത്തിപ്പിക്കാം. പാർക്കുകൾ തുറക്കാനും അനുമതിയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കൂളും കോളജും തുറക്കാമെന്നു കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്. സമാന്തരമായി ഓൺലൈൻ ക്ലാസുകൾക്കും അനുമതിയുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ അല്ലാത്ത തിയറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും ഒക്ടോബർ 15 മുതൽ പ്രവർത്തിക്കാം. പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും.

ആളുകളുടെ എണ്ണം നിയന്ത്രിച്ചു പ്രദർശന ഹാളുകളും വിനോദ പാർക്കുകളും തുറക്കാനും അനുമതിയായി. മാർച്ച് 24ന് പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗണിനെ തുടർന്നുള്ള അടച്ചിടലിൽനിന്നു രാജ്യം പതുക്കെ സാധാരണ നിലയിലേക്കു പ്രവേശിക്കുകയാണ്. കോവിഡ് കേസുകൾ വളരെയധികം ഉയരത്തിലെത്തി നിൽക്കുമ്പോഴാണ് ഇളവുകൾ പ്രഖ്യാപിച്ചത് എന്നതു ശ്രദ്ധേയം. 80,472 പുതിയ കേസുകളുമായി ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 9,40,441 ആക്ടീവ് കേസുകളാണു രാജ്യത്തുള്ളത്. 51,87,826 പേർ രോഗമുക്തി നേടി. 97,497 പേർക്കു ജീവൻ നഷ്ടമായി.