ലണ്ടന്‍: ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന നിര്‍ദേശത്തിന് ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേരുടെ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ പ്രശ്‌നം പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചന. ജൂനിയര്‍ ഡോക്ടര്‍മാരുടെ മേല്‍ പുതിയ കരാറുകള്‍ ഏകപക്ഷീയമായി നടപ്പാക്കാനുളള ഹണ്ടിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിട്ടുളളത്. ഡോക്ടര്‍മാരുടെ അഭിപ്രായം തേടാതെയാണ് ഹണ്ട് ഇത്തരമൊരു നീക്കം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നത്തില്‍ മതിയായ ചര്‍ച്ചകളും ഉണ്ടായിട്ടില്ല.
പാരാമെഡിക്കല്‍ ജീവനക്കാരെ വെറും ആംബുലന്‍സ് ഡ്രൈവര്‍മാരായി വിശേഷിപ്പിച്ചതും ഹണ്ടിനെതിരേ രോഷമുയരാന്‍ കാരണമായിട്ടുണ്ട്. ദീര്‍ഘകാലത്തിന് ശേഷം എന്‍എച്ച്എസില്‍ ഒരു സമരമുണ്ടാകാന്‍ കാരണം ഹണ്ടിന്റെ നടപടികളാണെന്ന വിമര്‍ശനവും ഉയരുന്നു. ഹണ്ട് എന്‍എച്ച്എസിലെ എല്ലാ ജീവനക്കാരുടെയും ആത്മവിശ്വാസം കെടുത്തുകയാണ്. ഇതിന് പുറമെ ഹണ്ടിന്റെ നിലപാടുകള്‍ പുതിയ ജീവനക്കാരുടെ നിയമനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരുലക്ഷത്തിലേറെ പിന്തുണ ലഭിക്കുന്ന എല്ലാ പരാതികളും പാര്‍ലമെന്റ് പരിഗണിക്കാറുണ്ട്. ഇക്കാര്യവും പതിനൊന്നംഗ പാര്‍ലമെന്റ് സമിതി പരിഗണിക്കും. ഇതേതുടര്‍ന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ പ്രശ്‌നം ചര്‍ച്ചക്ക് വരുമെന്നും സൂചനയുണ്ട്.
പുതിയ കരാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതോടെ ആരോഗ്യമേഖലയിലെ അസ്ഥിരത അവസാനിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഹണ്ട് പറഞ്ഞത്. പുതിയ കരാറിനെതിരെ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലാണ്. ഡോക്ടര്‍മാര്‍ ദീര്‍ഘനേരം ജോലി ചെയ്യേണ്ടി വരുന്നത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നാണ് ഇവരുടെ അഭിപ്രായം. പുതിയ കരാര്‍ അനുസരിച്ച് വാരാന്ത്യങ്ങളിലും ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന അധിക വേതനം ഇതിന് ലഭിക്കുകയുമില്ല.