ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കണമെന്ന ആവശ്യമുന്നയിക്കുന്ന പെറ്റീഷന്‍ ഗവണ്‍മെന്റ് തള്ളി. ബ്രെക്‌സിറ്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് 57.5 ദശലക്ഷം ആളുകള്‍ ഒപ്പുവെച്ച പെറ്റീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ ഒന്നിന് ഈ പെറ്റീഷനില്‍ എംപിമാര്‍ ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഇ-പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ വരുന്ന നിവേദനങ്ങളില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ ഒപ്പുവെച്ചാല്‍ അത് കോമണ്‍സ് ചര്‍ച്ച ചെയ്യും. ഇത്തരത്തില്‍ എത്തിയ പരാതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്താങ്ങിയ പെറ്റീഷന്‍ എന്ന റെക്കോര്‍ഡും ഈ നിവേദനത്തിനാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനം ജനങ്ങളുടേതാണെന്ന് സര്‍ക്കാര്‍ വാദം തെറ്റാണെന്ന് വാദിക്കുന്ന നിവേദനം പിന്‍മാറ്റത്തിന് സന്നദ്ധത അറിയിച്ചുകൊണ്ട് യൂറോപ്യന്‍ കൗണ്‍സിലില്‍ നല്‍കിയ ആര്‍ട്ടിക്കിള്‍ 50 കത്ത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.
എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കാനാകില്ലെന്നാണ് ഇതിനോട് പ്രതികരിച്ചു കൊണ്ട് പാര്‍ലമെന്ററി പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. യുകെയ്ക്ക് ഏകപക്ഷീയമായി പിന്‍വലിക്കാവുന്ന ഒന്നല്ല അതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സിറ്റിംഗ് ദി യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക പ്രതികരണത്തില്‍ പിന്നീട് അറിയിക്കുകയും ചെയ്തു. 2016ലെ ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ഗുണകരമായ ഒരു പിന്‍വാങ്ങലിനായാണ് തങ്ങള്‍ ശ്രമിക്കുന്നത്. ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കുകയും യൂറോപ്യന്‍ യൂണിയനില്‍ ഇനി തുടരുകയും ചെയ്യുന്നത് ജനാധിപത്യത്തോടും സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷങ്ങളോടുമുള്ള അവഹേളനമായിരിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഇത്രയും ആളുകള്‍ പെറ്റീഷനെ പിന്തുണച്ചിട്ടുണ്ടെങ്കിലും ഹിതപരിശോധനാ ഫലം മാനിക്കപ്പെടണം. ഹിതപരിശോധനയുടെ ഫലം എന്തുതന്നെയായാലും അത് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തേ അറിയിപ്പ് നല്‍കിയതാണ്. 17.4 ദശലക്ഷം ആളുകള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആവശ്യപ്പട്ടവരാണ്. യുകെയില്‍ ഇതുവരെ നടന്ന ജനാധിപത്യ പ്രക്രിയകളില്‍ ഏറ്റവും വലിയ ഫലമായിരുന്നു ഇത്. അതിനാല്‍ത്തന്നെ വോട്ടര്‍മാരുടെ തീരുമാനം തന്നെ നടപ്പാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
Leave a Reply