നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമോ എന്ന ആശങ്കയില്‍ യുകെയിലെ രോഗികള്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ദി റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ആവശ്യമായ മരുന്നുകള്‍ ഇപ്പോള്‍ത്തന്നെയുണ്ടെന്ന കാര്യം സര്‍ക്കാര്‍ പരസ്യമാക്കണമെന്നും ഇക്കാര്യത്തില്‍ സുതാര്യത വരുത്തണമെന്നും ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ അംഗങ്ങളായ ആര്‍സിപി ആവശ്യപ്പെട്ടു. നിലവില്‍ സ്റ്റോക്ക് കുറവുള്ളതും ഇന്‍സുലിന്‍ പോലെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുന്ന മരുന്നുകളുടെ കാര്യത്തില്‍ കൂടുതല്‍ പരിഗണന നല്‍കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഈ സംവിധാനത്തെക്കുറിച്ച് വിശ്വാസ്യതയും സുതാര്യതയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്‍സിപി പ്രസിഡന്റ് പ്രൊഫ.ആന്‍ഡ്രൂ ഗൊഡാര്‍ഡ് പറഞ്ഞു. ട്രസ്റ്റുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കണം. എങ്കില്‍ മാത്രമേ രോഗികള്‍ക്ക് മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് ഉറപ്പു നല്‍കാന്‍ അവര്‍ക്ക് സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ചു മാസങ്ങളായി മരുന്നുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ് നെഗോഷ്യേറ്റിംഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാനറിക് മരുന്നുകള്‍ ദേശീയതലത്തില്‍ നിര്‍ണ്ണയിക്കുന്ന താരിഫ് അനുസരിച്ചാണ് വാങ്ങുന്നത്. വില കുറയ്ക്കാനായി ഫാര്‍മസികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ മരുന്നുകള്‍ക്ക് ലഭ്യതക്കുറവ് അനുഭവപ്പെട്ടാല്‍ എന്‍എച്ച്എസ് താല്‍ക്കാലികമായി അതിനുള്ള പണം നല്‍കുകയും ചെയ്യും. പിഎസ്എന്‍സി ഈ വിധത്തില്‍ കണ്‍സെഷനായി നല്‍കിയ അപേക്ഷകളില്‍ കഴിഞ്ഞ മൂന്നു മാസം വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 45 അപേക്ഷകള്‍ നല്‍കിയപ്പോള്‍ നവംബറില്‍ അത് 72 ആയും ഡിസംബറില്‍ 87 ആയും ഉയര്‍ന്നു.

ഔദ്യോഗിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒട്ടേറെയാളുകള്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്തു നിന്ന് മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി ശേഖരിക്കുന്നതായിപ്പോലും വ്യക്തമായിട്ടുണ്ട്. എമര്‍ജന്‍സി പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കണമെന്ന് ജിപിമാരോട് ഇവര്‍ ആവശ്യപ്പെടുകയാണ്. നാലു മാസത്തേക്കുള്ള ഇന്‍സുലിന്‍ ഒരു പ്രമേഹരോഗി സ്‌റ്റോക്ക് ചെയ്തതായി കണ്ടെത്തി. അതിനാല്‍ നിലവില്‍ രാജ്യത്തുള്ള മരുന്നുകളുടെ വിവരം പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുകയാണ്.