ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്ക–ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും എണ്ണവിലയിൽ അനശ്ചിതത്വം തുടരുകയാണ്. ഇതിനെ തുടർന്ന് പെട്രോൾ–ഡീസൽ വിലകൾ വീണ്ടും ഉയർന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ബ്രെന്റ് ക്രൂഡ് വില ഏകദേശം 35% വരെ ഉയർന്നതായി ആണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കുറവുണ്ടായെങ്കിലും, അത് നിലനിൽക്കുമോ എന്ന അനിശ്ചിതത്വം വിപണിയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ് . പ്രത്യേകിച്ച് ലെബനോണിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ സാഹചര്യത്തെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിട്ടതായാണ് വിലയിരുത്തപ്പെടുന്നത് .

ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുമോയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ് . കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം അനുവദിക്കുമെന്നത് വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നെങ്കിലും, ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നാൽ കടലിടുക്ക് അടച്ചിടു മെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇതിനിടെ, പ്രതിദിനം ഏകദേശം 130 കപ്പലുകൾ സഞ്ചരിച്ചിരുന്ന വഴിയിൽ ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾ മാത്രമാണ് കടന്നു പോകുന്നത്. ബാക്കി ചരക്കുകൾ നീക്കാൻ കുറഞ്ഞത് 10 ദിവസം എങ്കിലും വേണ്ടി വരുമെന്നും, സാധാരണ നിലയിലേക്ക് എത്താൻ ആഴ്ചകളും മാസങ്ങളും എടുക്കാമെന്നുമാണ് വിലയിരുത്തൽ.

ഇന്ധനവിലയിൽ ഉടൻ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോൾസെയിൽ വിലയിൽ കുറവ് വന്നാലും, പമ്പ് നിരക്കുകളിൽ അത് പ്രതിഫലിക്കാൻ 10 മുതൽ 14 ദിവസം വരെ വൈകുമെന്ന് വിലയിരുത്തുന്നു. വെടിനിർത്തൽ സ്ഥിരത പുലർത്തുകയാണെങ്കിൽ അടുത്ത ആഴ്ചയോടെ വിലകൾ സ്ഥിരത കൈവരിച്ച് കുറയാൻ സാധ്യതയുണ്ടെന്നും സൂചന. എന്നാൽ നിലവിലെ അനിശ്ചിതത്വം മൂലം ആഗോള വിപണികളും സമ്മർദ്ദത്തിലാണ്, ഓഹരി വിപണികളിൽ ചെറിയ ഇടിവുകളും രേഖപ്പെടുത്തി.











Leave a Reply