സ്വന്തം ലേഖകന്‍
ബര്‍മിങ്ങ്ഹാം: തെരഞ്ഞെടുപ്പു കാര്യക്രമങ്ങളിലും മാനദണ്ഡങ്ങളിലും വന്‍ അഴിച്ചുപണികള്‍ നിര്‍ദേശിച്ച് യുക്മ ദേശിയ ജനറല്‍ ബോഡിയും പൊതുയോഗവും സമാപിച്ചു. ബര്‍മിങ്ങ്ഹാം സെന്‍റ് തോമസ്‌ മൂര്‍ പാരീഷ് ഹാളില്‍ ഇന്നലെ നടന്ന യോഗത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് പൊതുയോഗം ആരംഭിച്ചത്.

യുക്മ ഏഴാമത് ദേശീയ കലാമേള 2016 നവംബര്‍ അഞ്ചു ശനിയാഴ്ച നടക്കുമെന്ന് യോഗ നടപടികള്‍ വിശദീകരിച്ചുകൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു. യുക്മയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ തന്നെ ആയിരിക്കും ഈ വര്‍ഷത്തെയും പരിപാടികളുടെ നേതൃത്വം വഹിക്കുന്നത്. വിശദമായ ചര്‍ച്ചകളിലുടെ ഉരിത്തിരിഞ്ഞു വന്ന ആശയങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിച്ചു കൊണ്ട് ആണ് ദേശിയ ജനറല്‍ ബോഡി മുന്‍പോട്ടു പോയത്.

തെരഞ്ഞെടുപ്പു കാര്യക്രമങ്ങളിലും ദണ്ഡങ്ങളിലും വന്‍ അഴിച്ചുപണികള്‍ നടത്താന്‍ തന്നെയാണ് പൊതുയോഗം നിര്‍ദേശിച്ചിരിക്കുന്നത്‌. അതനുസരിച്ച് ഏതെങ്കിലും വിധത്തില്‍ തുടര്‍ച്ചയായി മൂന്ന് ടേം ദേശീയ ഭരണസമിതിയുടെ ഭാഗമായി വന്നിട്ടുള്ളവര്‍ തൊട്ടടുത്ത ഒരു ടേം മത്സരരംഗത്തുനിന്ന് മാറി നില്‍ക്കേണ്ടതാണ്. ഇത് ദേശീയ ഭാരവാഹികള്‍, നാഷണല്‍ എക്സിക്യുട്ടീവ് അംഗങ്ങള്‍, എക്സ് ഒഫീഷ്യോ അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റ്മാര്‍ എന്നിവര്‍ക്ക് ബാധകമാണ്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് അഡ്വ. സിജു ജോസഫ് ആണ് യുക്മ ഭരണഘടനയ്ക്ക് ശ്രദ്ധേയമായ പല ഭേദഗതികളും നിര്‍ദ്ദേശിച്ചത്. അഡ്വ. സിജു ജോസഫ് മുന്നോട്ട് വച്ച മിക്ക നിര്‍ദ്ദേശങ്ങളും ജനറല്‍ ബോഡി യോഗം അംഗീകരിക്കുകയായിരുന്നു.

പ്രസിഡണ്ട്‌ ഫ്രാന്‍സിസ് മാത്യുവിന്റെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം സമഗ്രമായ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട്മാരായ മാമ്മന്‍ ഫിലിപ്പ് സ്വാഗതവും ബീന സെന്‍സ് നന്ദിയും പറഞ്ഞു.

നിയമാവലി സംബന്ധിച്ച് വരുത്തിയ മാറ്റങ്ങള്‍ വിശദമായി പിന്നിട് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.